K Sudhakaran
തിരുവനന്തപുരം: പിണറായിയുടെ കെ റെയില്‍ പദ്ധതിക്ക് ബദല്‍ നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ റെയിലിന് പകരം വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഫ്‌ളൈ ഇന്‍ കേരള എന്ന പേരിലൊരു പദ്ധതിയാണ് സുധാകരന്‍ മുന്നോട്ടു വയ്ക്കുന്നത്. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെയും പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം വെറും നാല് മണിക്കൂര്‍ കൊണ്ട് എത്താവുന്നതാണ് കെ റെയില്‍ പദ്ധതിയുടെ സവിശേഷതയായി അവതരിപ്പിക്കുന്നത്. ഇതേ ദൂരം ഇത്രയും സമയം കൊണ്ട് തന്നെ ചിലവ് കുറച്ച് നടപ്പിലാക്കാം. മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് കെപിസിസി അധ്യക്ഷന്‍ പറയുന്നത്. കെഎസ്ആര്‍ടിസി ടൗണ്‍ ടു ടൗണ്‍ മാതൃക സ്വീകരിക്കാമെന്നാണ് നിര്‍ദേശം.
ഫ്‌ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ലെന്നും വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്താമെന്നും നിര്‍ദേശത്തില്‍ പറയുന്നു. എന്തെങ്കിലും കാരണവശാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ വൈകിയാലും ഓരോ മണിക്കൂര്‍ ഇടവിട്ട് വിമാനം ഏര്‍പ്പെടുത്തിയാല്‍ ആര്‍ക്കും പണം നഷ്ടമാകുകയുമില്ല. ഫ്‌ളൈറ്റ് ടിക്കറ്റിന് സാധാരണ ചെയ്യുന്നത് പോലെ നിരക്ക് സ്‌പോട്ടില്‍ വര്‍ധിക്കുന്ന രീതി കൂടി ഒഴിവാക്കി എല്ലാ ടിക്കറ്റിനും ഒരേ നിരക്ക് ആക്കുകയും ചെയ്താല്‍ കൂടുതല്‍ സൗകര്യമാകും.
എന്നാല്‍ മറ്റൊരു പ്രശ്‌നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ നമ്മള്‍ വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്‌സിയിലോ ആണ്. ഇത് വളരെ ചിലവേറിയ മാര്‍ഗമാണ്. വിമാന ടിക്കറ്റിനേക്കാളും പണം ഈ യാത്രയ്ക്ക് ചിലവാക്കേണ്ടി വരുന്നവരുണ്ട്. മാത്രമല്ല വിദേശത്തു നിന്നും വരുന്നവരെ കൂട്ടാന്‍ വെളുപ്പിന് യാത്രചെയ്യുമ്പോഴുണ്ടാകുന്ന എത്രയോ വാഹനാപകടങ്ങളെ കുറിച്ച് നാം വായിച്ചിട്ടുണ്ട്- സുധാകരന്‍ പറയുന്നു.
കര്‍ണാടക ആര്‍ടിസി ചെയ്യുന്നത് അവിടെ ഒരു ഏസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് മൈസൂര് നിന്നും മറ്റു ചെറിയ ടൗണുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ടു ബസുകള്‍ പുറപ്പെടും. അതേ മാതൃകയില്‍ കുറേകൂടി വിപുലമായി ഒരിടത്തരം വലുപ്പത്തിലുള്ള ഫ്‌ളൈ'ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Content Highlights: k sudhakaran suggests substitute for k rail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..