തിരൂര്‍: വി.എം.സുധീരനൊക്കെ വലിയ വലിയ ആളുകളാണ്, എന്നാല്‍ അദ്ദേഹത്തെ എടുത്ത് ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. സുധീരനെ കൂട്ടിയോജിപ്പിച്ച് പാര്‍ട്ടിയെ നയിക്കാന്‍ പരാജയപ്പെട്ടോയെന്ന ചോദ്യത്തിന് തിരൂരില്‍ മാതൃഭൂമിയോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

സുധീരനെ പോയി കണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമയും ചോദിച്ചു. അത്രയേ ഞാന്‍ പഠിച്ചിട്ടുള്ളൂ, എന്നെ പഠിപ്പിച്ചിട്ടുള്ളൂ. സുധീരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയിട്ടില്ല പാര്‍ട്ടിക്കകത്തു തന്നെയുണ്ടെന്നും സുധാകരന്‍ വിശദീകരിച്ചു. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടല്‍ നികത്തി കൈത്തോട് നിര്‍മ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചതെന്നും സുധാകരന്‍ പറഞ്ഞു. 

എല്ലാ പാര്‍ട്ടിയിലും ഗ്രൂപ്പുണ്ട്. ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ട്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഭംഗിയും ഗ്രൂപ്പാണ്. കോണ്‍ഗ്രസ് പുതിയ ഉണര്‍വിലേക്ക് പോയിരിക്കുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അനുകൂല കൊടുങ്കാറ്റടിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് കുട്ടികള്‍ ഉപരിപഠനത്തിന് സീറ്റ് കിട്ടാതെ വിഷമിക്കുകയാണ്. പരീക്ഷഫലപ്രദമായി നടത്താത്തതു കാരണം നൂറു ശതമാനം വിജയം വന്നു. അത് സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. ഈ പ്രശ്‌നം മുന്‍കൂട്ടി കാണാനും പരിഹാരമുണ്ടാക്കാനും സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രളയം മുന്‍കരുതല്‍ എടുക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. പാകപിഴകള്‍ ഉണ്ടങ്കിലും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനവുമായി സര്‍ക്കാറിനോട് പൂര്‍ണമായും സഹകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

content highlights: k sudhakaran statement against vm sudheeran