കെ. സുധാകരൻ | ഫോട്ടോ: ടി.കെ. പ്രദീപ് കുമാർ
കണ്ണൂര്‍: അരുംകൊല രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് കേരളത്തിലെ അക്രമസംഭവങ്ങളില്‍ മറ്റൊരു പാര്‍ട്ടിയേയും കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കലാലയങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെ കണക്കെടുത്താല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നിലൊന്ന് പോലും എസ്എഫ്‌ഐക്കാര്‍ മരിച്ചുവീണിട്ടില്ല. ആ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആര്‍ക്കാണെന്നും കലാലയങ്ങള്‍ അക്രമത്തിന്റെ വിളനിലമാക്കി എസ്എഫ്‌ഐ മാറ്റിയത് കോടിയേരിയുടെയും പിണറായിയുടെയും നയത്തിന്റെ ഫലമാണോയെന്നും സുധാകരന്‍ ചോദിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കോളേജുകളിലേയും ഹോസ്റ്റലുകള്‍ എസ്എഫ്‌ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ഓഫീസാക്കി മാറ്റിയിരിക്കുന്നു. കഴിഞ്ഞ ദിവസം അക്രമണം നടന്ന ഇടുക്കിയിലെ കോളേജിലെ ഹോസ്റ്റലും എസ്എഫ്‌ഐയുടെ കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണ്. കേരളത്തിലെ മൊത്തം അക്രമത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒന്ന് താരത്യം ചെയ്താല്‍ ഇരുപാര്‍ട്ടികളും എവിടെയാണെന്ന് അറിയാം.
കലാപത്തിന്റെ കത്തി ആദ്യം താഴെ വയ്‌ക്കേണ്ടത് സിപിഎമ്മാണ്. കോണ്‍ഗ്രസ് കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഇടുക്കിയിലെ കേളേജില്‍ നടന്ന കൊലപാതകത്തെയും കോണ്‍ഗ്രസ് ശക്തിയുക്തം അപലപിക്കുന്നു. സാഹചര്യത്തെ കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ അതിനനുസരിച്ച് പ്രതികരിക്കും.
അരുംകൊല രാഷ്ട്രീയം കോണ്‍ഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് അവിടെതന്നെ വെച്ചാല്‍ മതി തന്റെ തലയില്‍വയ്ക്കാന്‍ നോക്കേണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
content highlights: K Sudhakaran's statement against CPM in Dheeraj murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..