തിരുവനന്തപുരം: പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ച പി.ചിദംബരത്തെ തള്ളി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. കേരളത്തിലെ കാര്യങ്ങള്‍ ആധികാരികമായി പറയേണ്ടത് കെപിസിസി ആണെന്നും തങ്ങള്‍ ചിദംബരവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ബിഷപ്പിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റാരെങ്കിലും പറയുന്ന പ്രസ്താവനയ്ക്ക് അതിന്റെ പശ്ചാത്തലം കണ്ടെത്തി അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടുന്ന ഉത്തരവാദിത്വം തങ്ങള്‍ക്കില്ലെന്നും ചിദംബരം പറഞ്ഞതിനെ പറ്റി ചിദംബരത്തോട് തന്നെ ചോദിക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കെ. സുധാകരന്‍ പറഞ്ഞു. 

നേരത്തെ പാലാ ബിഷപ്പിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ചിദംബരം രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ചിദംബരത്തിന്റെ വിമർശനം. വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇടപെട്ട രീതി സന്തോഷിപ്പിക്കുന്നതാണെന്നും ചിദംബരം ലേഖനത്തില്‍ പറഞ്ഞിരുന്നു.

 

Content Highlights: K Sudhakaran rejects Chidambaram in pala bishop issue