കെ. സുധാകരൻ, പി.എം. ആർഷോ, എം.വി ഗോവിന്ദൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: 40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ സംഘടനാ തലപ്പത്ത് പ്രതിഷ്ഠിക്കുകയും സംരക്ഷിക്കുകയും ചെയ്തതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളെയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റിവെച്ചിരിക്കുകയാണ്.
'ആര്‍ഷോ മഹാരാജാസ് കോളജില്‍ പിജി പരീക്ഷ എഴുതാതെ പാസായപ്പോള്‍ സുഹൃത്തും കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ കെ. വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജപ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രണ്ടിടത്ത് ഗസ്റ്റ് ലക്ചറര്‍ നിയമനം നേടിയത്. ആര്‍ഷോയുടെ സഹായത്തോടെയാണ് ഈ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് എന്നാണ് ലഭ്യമായ വിവരം. കാലടി സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതും സമാനമായ രീതിയിലാണ്. വിദ്യയ്ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആര്‍ഷോയുടെ മുമ്പില്‍ പിണറായിയുടെ പോലീസുകാര്‍ മുട്ടിടിച്ചു നില്കുന്നു. കോടതിയുടെ മേല്‍നോട്ടത്തിലെങ്കിലും അന്വേഷണം നടത്തിയാല്‍ മാത്രമേ മഹാരാജാസ് കോളജില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളഴിച്ച് യഥാര്‍ത്ഥ പ്രതികളെ ശിക്ഷിക്കാനാകൂ', കെ. സുധാകരൻ വ്യക്തമാക്കി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പേരിലുള്ള 40 ക്രിമിനില്‍ കേസുകളില്‍ 16 എണ്ണം ആയുധം ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയതും മൂന്നെണ്ണം വധശ്രമവും മറ്റുള്ളവ തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയുമാണ്. കേരളത്തിലെ കാമ്പസുകളെ സംഘര്‍ഷഭരിതമാക്കുന്നതും അവിടെ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തുന്നതും ഈ നേതാവും അണികളും കൂടിയാണ്. അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കേരള പോലീസ് വിറയ്ക്കും, കെ. സുധാകരൻ പറഞ്ഞു.
സര്‍വകലാശാലകളിലെ നിയമനങ്ങള്‍ എസ്.എഫ്.ഐ. നേതാക്കള്‍ അവരുടെ ഭാര്യമാര്‍ക്ക് സംവരണം ചെയ്തിട്ട് നാളേറെയായി. ഇപ്പോഴത് സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഭാര്യയെ കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ അസി. പ്രഫസറായി നിയമിച്ചെങ്കിലും പുറത്തുപോകേണ്ടിവന്നു. മന്ത്രി പി. രാജീവിന്റെ ഭാര്യക്ക് കൊച്ചി സര്‍വകലാശാലയിലും മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യയ്ക്ക് കേരള സര്‍വകലാശാലയിലും മന്ത്രി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാലയിലും നിയമനം കിട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോ. പ്രഫസറായി നിയമിക്കാന്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാംസ്ഥാനം നല്കി, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ തെറ്റുകള്‍ക്കെല്ലാം സി.പി.എം കൂട്ടുനിൽക്കുകയും സംരക്ഷണം നല്കുകയും ചെയ്തിട്ടുണ്ടെന്നും ഇവരുടെ മാതൃകയാണ് കുട്ടിസഖാക്കള്‍ പിന്തുടരുന്നതെന്ന് പാർട്ടി സെക്രട്ടറി ഓര്‍ക്കുന്നതു നല്ലതാണെന്നും കെ. സുധാകരന്‍ കൂട്ടിച്ചേർത്തു.
Content Highlights: k sudhakaran reaction on pm arsho marklist controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..