കെ. സുധാകരൻ, എ.കെ. ആന്റണി | Photo: Mathrubhumi
കണ്ണൂര്‍: വര്‍ഗീയത തൊട്ടുതീണ്ടാത്ത എല്ലാ മതേതര മനസ്സുകളേയും ഒപ്പം നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് സംസ്‌കാരമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഇന്ത്യന്‍ ഭരണഘടനയെ ഉള്‍ക്കൊള്ളുകയും ജനാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യുന്ന മതേതരവാദികളായ ആരെയും കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറിതൊടുന്നവരൊന്നും മൃദുഹിന്ദുത്വര്‍ അല്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി കോണ്‍ഗ്രസ് പിന്തുടര്‍ന്ന വന്ന രാഷ്ട്രീയ ദര്‍ശനത്തിന്റെ പുനഃപ്രഖ്യാപനമാണ് എകെ ആന്റണി നടത്തിയതെന്നും കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു.
ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ നയത്തിന്റെ ഭാഗമാണ്. വര്‍ഗീയ ചിന്താഗതികള്‍ ഗ്രസിച്ച വിഷലിപ്തമായ മനസിനെയാണ് കോണ്‍ഗ്രസ് എന്നും ശക്തിയായി എതിര്‍ത്തിട്ടുള്ളത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. രാജ്യത്തിന്റെ അഖണ്ഡതയും വൈവിധ്യവും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിന് ജാതി, മതം, ഭാഷ, വര്‍ഗം, വര്‍ണ്ണം, ഭക്ഷണം, വസ്ത്രം എന്നിവയുടെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികള്‍ക്ക് വര്‍ഗീയ നിറം നല്‍കി അവരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ശൈലിയാണ് സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ളതെനന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദുമതത്തിന്റെ കുത്തക അവകാശപ്പെടുന്ന ബിജെപിക്ക് ആ മതം ഉള്‍ക്കൊള്ളുന്ന വിശാലമനസ്‌കത ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
Content Highlights: k sudhakaran reaction on ak antony soft hindutva statement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..