കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് സംഘത്തെ തള്ളി കെ. സുധാകരന്‍. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു.  ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍  കോടതിയില്‍  പോകും.
ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍. വേണ്ടി വന്നാല്‍  പ്രതികരിക്കാന്‍ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓര്‍ക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി. 

അന്വേഷണ സംഘത്തിലെ അംഗങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ മനസിലായി അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന്. കാരണം പോലീസ് സേനയിലെ സിപിഎമ്മിന്റെ ക്രിമിനല്‍ സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.  അന്വേഷണ സംഘത്തിലെ തലവനായ ഇസ്മയില്‍ സിപിഎം നേതാക്കന്‍മാരുടെ സന്തത സഹചാരിയാണ്. ഇദ്ദേഹത്തിന്റെ വകുപ്പ് തല പ്രൊമോഷന്‍ പോലും സിപിഎമ്മിനെ ആശ്രയിച്ച് സംഘടിപ്പിച്ച പ്രമോഷന്‍ ആണ്.  ആ ഒരു ഉദ്യോഗസ്ഥന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തെ ഞങ്ങള്‍ വിശ്വസിക്കണോ.  ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു പാട് അനുഭവങ്ങള്‍ ഉണ്ട്. ഷുഹൈബ് കേസ് ഇതുപോലെയായിരുന്നു.  ഷുക്കൂര്‍ കേസ് ഇതുപോലെയായിരുന്നു. ശരത് ലാല്‍ കൃപേഷ് കേസ് ഇതുപോലെയായിരുന്നു. ഇവിടെയൊക്കെ നീതി വാങ്ങിയത് സുപ്രീം കോടതിയില്‍ വരെ നിയമയുദ്ധം നടത്തിയാണ്. ഇക്കാര്യത്തില്‍ നീതി ലഭിക്കണമെങ്കില്‍ നീതി പീഡത്തെ സമീപിക്കേണ്ടി വരും എന്ന കാര്യത്തില്‍ സംശയം ഇല്ല. 

14 പ്രതികളില്‍ പത്ത് പേരെയും ബുക്ക് ചെയ്തു എന്ന് പറഞ്ഞ കമ്മീഷണര്‍. പക്ഷേ ഏതെങ്കിലും ഒരു പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്‌തോ?. പനോളി വത്സന് ഗൂഢാലോചനയില്‍ പങ്കുണ്ട്.  ഇലക്ഷന്‍ ചാര്‍ജുള്ള പനോളി സംഭവ സ്ഥലത്ത് പോയിട്ടില്ലെന്ന പ്രതികരണം ദുരൂഹമാണെന്നും ആദ്ദേഹം വ്യക്തമാക്കി.

Content Highlight: K Sudhakaran press meet