മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ നിസ്സഹായാവസ്ഥയില്‍ നില്‍ക്കുന്ന സാധാരണക്കാരായ ജനങ്ങളെ മറന്ന് മുഖ്യമന്ത്രി കാമ്പസ് വീരഗാഥകള്‍ പറയുകയാണെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കെ.സുധാകരന്‍- പിണറായി വിജയന്‍ പോരിനോട് പ്രതികരിക്കുകയായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി. കെ.സുധാകരനും ഇക്കാര്യത്തില്‍ പങ്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം വന്നിട്ടുളളതാണെന്നും വ്യക്തിപരമായി പറയേണ്ടത് സുധാകരന്‍ വിശദീകരിക്കട്ടേയെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

'ഒരു പ്രശ്‌നവുമില്ല എല്ലാ ശുഭം എന്നുപറഞ്ഞ് പഴയകാല സംഭവങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത് പോവുകയാണെങ്കില്‍ ജനങ്ങള്‍ അതിനെതിരായി സംഘടിക്കും. സംഘടിക്കണം അതാണ് ഞങ്ങള്‍ക്ക് പറയാനുളളത്. മരംമുറി വാവാദത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുകൊണ്ടുപോകാനുളള സര്‍ക്കാരിന്റെ ശ്രമം തുറന്നുകാണിക്കാതിരിക്കാനാവില്ല. രാജ്യത്ത് ആകെ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധയൂന്നി ചര്‍ച്ച ചെയ്യേണ്ടതിന് പകരം അനാവശ്യമായ ചര്‍ച്ചകളിലേക്കാണ് സര്‍ക്കാര്‍ ശ്രദ്ധ തിരിക്കുന്നത്. 

നിസ്സഹായാവസ്ഥയിലുളള സാധാരണക്കാരന്റെ സ്ഥിതി, അടഞ്ഞുകിടക്കുന്ന ആരാധാനാലയങ്ങള്‍.. ഇതിനിടയ്ക്കാണ് ഇത്തരം ചര്‍ച്ചകള്‍. ഇത് തുറന്നുകാണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. സര്‍ക്കാര്‍ വര്‍ത്തമാനം പറയുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോള്‍ എടുക്കും. പ്രതിപക്ഷത്തിന്റെ റോള്‍ ഭരണകക്ഷിക്ക് എപ്പോഴും പിന്തുണ നല്‍കലല്ല, ഭരണകക്ഷി ചെയ്യുന്നത് ശരിയാണോ എന്നുളളത് സൂക്ഷപരിശോധന നടത്തുകയാണ് പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം.' - കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

Content Highlights: K-Sudhakaran- Pinarayi Vijayan fight; P K Kunhalikutty reacts