കെ. സുധാകരൻ| Photo: Mathrubhumi
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇല്ലായിരുന്നെങ്കില്‍ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ മുഴുവനും പോകുമായിരുന്നു. ഇതിന് തടയിടാന്‍ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തോട് കേരളത്തിലെ സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സുധാകരന്‍ ആരാഞ്ഞു. കേന്ദ്രം മാത്രം വില കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ മാത്രം വില കുറയില്ല. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നില്ലായെങ്കില്‍ പ്രക്ഷോഭത്തിന്റെ വാള്‍മുന സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമരം നിര്‍ത്തില്ല, പകരം സമരത്തിന്റെ ലക്ഷ്യം മാറ്റും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും കുറച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക പിണറായി സര്‍ക്കാര്‍ കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കെ.പി.സി.സി. പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നും സുധാകരന്‍ വ്യക്തമാക്കി. കര്‍ണാടയും ആന്ധ്രാപ്രദേശുമൊക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പ്രവര്‍ത്തനശൈലി കണ്ട് മനസ്സിലാക്കാന്‍ കേരളത്തിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്രയേറെ റിസള്‍ട്ട് ഓറിയന്റഡാണെന്നും സുധാകരന്‍ പറഞ്ഞു. പുനഃസംഘടന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചതാണ്. പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്ര് കമ്മിറ്റിക്ക് അധികാരമുണ്ട്. അത് അനുസരിക്കാന്‍ കേരളത്തിലെ നേതൃത്വത്തിന് ബാധ്യതയുമുണ്ട്. എന്നാല്‍ അങ്ങനെയുള്ളതൊന്നും താന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം ഈ വിഷയം ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ പലവട്ടം സംസാരിച്ചിട്ടുണ്ട്. അവിടെനിന്ന് ലഭിച്ചത് ഗ്രീന്‍സിഗ്നലാണ്. അടിയന്തരമായി ബാക്കിയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കണം എന്നതാണ് എ.ഐ.സി.സിയുടെ നിര്‍ദേശം. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവശേഷിക്കുന്ന കാര്യങ്ങള്‍ കൂടി കെപിസിസി പൂര്‍ത്തീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
content highlights: k sudhakaran on centres move to reduce exice duty on petrol and diesel, demands same from state govt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..