
കെ.സുധാകരൻ } ഫോട്ടോ; പ്രദീപ്കുമാർ ടി.കെ } മാതൃഭൂമി
ന്യൂഡൽഹി: ഡി.സി.സി അധ്യക്ഷ പട്ടിക വിശാലമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തയ്യാറാക്കിയതെന്നും അതിനാല്‍ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. ചര്‍ച്ച നടത്തിയിട്ടില്ലെന്ന തരത്തിലുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സുധാകരൻ. ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു സുധാകരന്റെ വാർത്താ സമ്മേളനം.
ഉമ്മന്‍ചാണ്ടിയുമായി രണ്ട് വട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച പേരുകളെഴുതിയ ഡയറിയും വാർത്താ സമ്മേളനത്തിൽ ഉയര്‍ത്തിക്കാട്ടി.
മുൻ കാലങ്ങളിൽ കോൺഗ്രസിൽ ഇതുപോലുള്ള യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു . വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിലയില്‍ ഒരു തലത്തിലും തന്നോട് ചര്‍ച്ച നടത്താതെ സ്ഥാനാര്‍ഥി പട്ടിക, ഭാരവാഹികളുടെ പട്ടിക എന്നിവ ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങി വന്നതാണ് കഴിഞ്ഞ കാലത്തെ കീഴ്വഴക്കമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി
ഇത്തവണ സ്ഥിതി പതിവിന് വിപരീതമായിരുന്നു. പല തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നു. താനും ഉമ്മന്‍ചാണ്ടിയും രണ്ട് വട്ടം ചര്‍ച്ച നടത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ച് പേരുകളിലുള്ള പലരുമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ചര്‍ച്ച നടന്നിട്ടില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം മനോവിഷമമുണ്ടാക്കി. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. പട്ടിക നൂറ് ശതമാനം കുറ്റമറ്റതെന്ന് പറയുന്നില്ല. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകളാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.തന്നെ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെയല്ലാതെ കോണ്‍ഗ്രസില്‍ വന്നവര്‍ ഒത്തിരിപേരുണ്ട്. അതിനാല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ വരാന്‍ പാടുള്ളൂ എന്ന നിഷ്കര്‍ഷത മാറ്റിയപ്പോൾ അസ്വസ്ഥരായ ആളുകള്‍ക്ക് അങ്ങനെയൊക്കെ പറയാമെന്നും അദ്ദേഹം പറഞ്ഞു .
കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകള്‍ മാത്രം ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് ഇരിക്കണമെന്ന് മാത്രമാണ് പാര്‍ട്ടിയുടെ ആഗ്രഹം. ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്ന നേത്യനിര അനിവാര്യമായതിനാലാണ് ചര്‍ച്ച. അല്ലെങ്കില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പട്ടിക തന്നില്ല. കോണ്‍ഗ്രസ് ഇന്ത്യ എന്ന മഹാരാഷ്ട്രത്തിന്റെ മിനിയേച്ചര്‍ ആണ്. രാജ്യത്തിന്റെ വൈവിധ്യങ്ങള്‍, വൈരുദ്ധ്യങ്ങള്‍ എല്ലാം കോണ്‍ഗ്രസിനുള്ളിലുണ്ട്. ഒരു പ്രശ്നം വരുമ്പോള്‍ അത് അവരവരുടെ കാഴ്ചപാടില്‍ നോക്കികാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: k.sudhakaran on appointment of new dcc presidents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..