കെ. സുധാകരൻ, പിണറായി വിജയൻ| ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകാരന് പോലീസിന്റെ അസാധാരണ നോട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് സുധാകരന് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ചിനിടെ പോലീസിന് നേരെയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന ആള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്കിയ നോട്ടീസയക്കുന്നത് അസാധാരണാണ്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിവരുന്നത്.
സര്‍ക്കാര്‍ എത്രമാത്രം ഭയക്കുന്നു എന്നതാണ് ഈ നോട്ടീസിലൂടെ പുറത്ത് വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് ഇതിനോട് പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെങ്ങും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിവീശി.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും കലാശിച്ചു. ബിരിയാണിച്ചെമ്പുമായി പ്രതീകാത്മകസമരത്തിനെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി കൊമ്പുകോര്‍ത്തു. പോലീസിന്റെ ലാത്തി കൈക്കലാക്കിയ വനിതാപ്രവര്‍ത്തകര്‍ ലാത്തിയുമായാണ് പ്രകടനം നടത്തിയത്. ഇവര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബിരിയാണിവിതരണവും നടത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..