കെ.ടി. ജലീൽ, കെ. സുധാകരൻ
കണ്ണൂര്‍: മുന്‍ മന്ത്രിയും എല്‍.ഡി.എഫ്. എം.എല്‍.എ.യുമായ കെ.ടി. ജലീലിനെ ബി.ജെ.പി. നേതാവ് എം.ടി. രമേശ് തീവ്രവാദി എന്നുവിളിച്ചിട്ടും മൗനം തുടരുന്ന സി.പി.എം. നിലപാടില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യത്തില്‍ സി.പി.എം. പുലര്‍ത്തുന്ന കുറ്റകരമായ മൗനം അദ്ഭുതപ്പെടുത്തുന്നെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
നിയമനടപടികള്‍ സ്വീകരിക്കാന്‍ ജലീല്‍ ഭയപ്പെടുകയാണ്. ബി.ജെ.പി.ക്കെതിരേ സംസാരിച്ചാല്‍ മുഖ്യമന്ത്രി പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീല്‍ കരുതുന്നുണ്ടാവും. മുസ്‌ലിം നാമധാരിയായതിന്റെ പേരില്‍ ജലീലിനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. അത് വ്യക്തമാക്കേണ്ടത് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളാണ്. ഇക്കാര്യത്തില്‍ ജലീല്‍ നിയമനടപടികള്‍ക്ക് തയ്യാറായാല്‍ ധൈര്യം പകര്‍ന്നുനല്‍കാന്‍ കോണ്‍ഗ്രസുണ്ടാകും, സുധാകരന്‍ കുറിപ്പിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എല്‍ഡിഎഫ് എം.എല്‍.എ. കെ.ടി. ജലീലിനെ ബി.ജെ.പി.യുടെ സംസ്ഥാന തല നേതാവ് തീവ്രവാദി എന്ന് വിളിച്ചത് അത്യന്തം ഗൗരവകരമായ വിഷയമാണ്.
ജലീല്‍ രാഷ്ട്രീയമായി ഞങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളാണ്. സിപിഎമ്മിനെ പോലെ ഒരു ക്രിമിനല്‍ പാര്‍ട്ടിയുടെ പുറമ്പോക്കില്‍ അകത്തോ പുറത്തോ എന്നറിയാതെ തുടരുന്ന ജലീലിനോട് ഞങ്ങള്‍ക്ക് യാതൊരു അനുഭാവവുമില്ല. അയാള്‍ അധികാരത്തിലിരിക്കുമ്പോള്‍ നടത്തിയ ക്രമക്കേടുകളും സ്വജനപക്ഷപാതവും ഒക്കെ കേരള സമൂഹത്തിന് വ്യക്തവുമാണ്. പക്ഷേ ഒരു മുസ്ലിം നാമധാരി ആയതിന്റെ പേരില്‍ അയാളെ തീവ്രവാദി എന്ന് മുദ്രകുത്തുന്നതിനോട് യോജിക്കാനാവില്ല. നിലവില്‍ ജലീലിന് തീവ്രവാദ സംഘടനകളും ആയി ബന്ധമുണ്ടെങ്കില്‍ അത് വ്യക്തമാക്കേണ്ടത് കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളാണ്.
ഭരണപക്ഷത്തെ എംഎല്‍എ - യെ തീവ്രവാദി എന്ന് വിളിച്ചിട്ടും സിപിഎം പുലര്‍ത്തുന്ന കുറ്റകരമായ മൗനം അത്ഭുതപ്പെടുത്തുന്നു.ഈ വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലും ജലീല്‍ ഭയപ്പെടുകയാണ്. ബിജെപിക്കെതിരെ സംസാരിച്ചാല്‍ പിണറായി വിജയന്‍ പോലും തന്നെ പിന്തുണക്കില്ലെന്ന് ജലീല്‍ കരുതുന്നുണ്ടാകും.
മുസ്ലിം പേരുണ്ടായിപോയതിന്റെ പേരില്‍ തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട ഈ വിഷയത്തില്‍ നിയമനടപടികള്‍ക്ക് ജലീല്‍ തയ്യാറായാല്‍ ധൈര്യം പകര്‍ന്നു നല്‍കാന്‍ കോണ്‍ഗ്രസ് ഉണ്ടാകും. പരാതി കൊടുത്തിട്ടും പിണറായി വിജയന്‍ എന്ന ആഭ്യന്തര മന്ത്രി ബിജെപി നേതാവിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ജലീലിന്റെ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്താനും കോണ്‍ഗ്രസ് എന്ന മതേതര പ്രസ്ഥാനം ഇവിടെയുണ്ടാകും.
Content Highlights: k sudhakaran, facebook post, support kt jaleel, call terrorist by bjp
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..