പിണറായി വിജയൻ, കെ സുധാകരൻ | ഫോട്ടോ: മാതൃഭൂമി, പിടിഐ
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തില്‍ ചൊറിയണം നടുന്നതാണ് ഭേദമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കമ്യൂണിസ്റ്റ് നേതാവ് ആര്‍. സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടറിയേറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു. സുഗതന്‍ മുമ്പ് സെക്രട്ടറിയേറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണ്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദിവസം എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594 രൂപ ചെലവിടുന്നതിനു പകരം ആ പണം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന മറ്റെന്തിനെങ്കിലും വിനിയോഗിക്കണം. ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന റൂള്‍ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രിയെന്നാണ് പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാടിവി ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാടിവി തികച്ചും പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ക്രൂരമായി മര്‍ദനമേറ്റ ഏഴ് പ്രതിപക്ഷഎംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ രണ്ട് പേര്‍ക്കെതിരേ ജാമ്യമുള്ള കേസുമെടുത്ത് പിണറായിയുടെ പോലീസ് വീണ്ടും രാജഭക്തി തെളിയിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്. ലാവ്ലിന്‍ ഇടപാടിന്റെയും കമല ഇന്റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട് കമ്പനിയുടെയും വിശദാംശങ്ങള്‍ ടി.പി. നന്ദകുമാറിന്റെ ക്രൈംവാരിക 2005 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്ന് മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ 15 അംഗ ഗുണ്ടാസംഘം ക്രൈമിന്റെ കോഴിക്കോട് ഓഫീസ് ആക്രമിച്ച് മുഴുവന്‍ രേഖകളും എടുത്തുകൊണ്ടുപോകുകയും ഓഫീസിന് തീയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് കോഴിക്കോട്ട് കസബ പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ട്. സിഐടിയു നേതാവ് ഇ. ബാലനന്ദന്‍ നല്‍കിയ
വിലപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. സംസ്ഥാന വ്യാപകമായി സിപിഎം ഗുണ്ടകള്‍ ക്രൈമിന്റെ കോപ്പികള്‍ പിടിച്ചെടുത്ത് പിണറായി വിജയന് സംരക്ഷണം നല്‍കി.
ക്രൈമിന്റെ ഓഫീസില്‍ നിന്ന് ലാവ്‌ലിന്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് റിയാസിന് അമ്പരപ്പിക്കുന്ന രാഷ്ട്രീയവളര്‍ച്ചയാണ് കണ്ടത്. 2005ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ പാളയം സീറ്റും 2009-ല്‍ കോഴിക്കോട് ലോക്സഭാ സീറ്റും അര്‍ഹരായ അനേകരെ തഴഞ്ഞ് തരപ്പെടുത്തിയെങ്കിലും രണ്ടിലും തോറ്റു. ഓഫീസ് ആക്രമണത്തിനുശേഷം സംഘടനാരംഗത്ത് കുതിച്ചുയര്‍ന്ന് 2017-ല്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യ പ്രസിഡന്റായി. ഇതിനിടെ കുടുംബത്തിലും ഇടംനല്‍കി. 2021-ല്‍ ആദ്യമായി നിയമസഭാ സീറ്റ് നേടുകയും പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ സീനിയര്‍ നേതാക്കളെയും യുവനേതാക്കളെയും വെട്ടിമാറ്റി സുപ്രധാന വകുപ്പുകളോടു കൂടി മന്ത്രി ആക്കുകയും ചെയ്തു. ലാവ്‌ലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്താനും സാധിച്ചു.
2001 മുതല്‍ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി ജയിക്കുകയും മികച്ച പാര്‍ലമെന്റേറിയനായി അടയാളപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണെന്നു സുധാകരന്‍ പറഞ്ഞു.
Content Highlights: k sudhakaran criticism against state government
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..