ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളി- കെ.സുധാകരന്‍


2 min read
Read later
Print
Share

കെ. സുധാകരൻ | Photo: Mathrubhumi

കണ്ണൂര്‍: ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് ഒളിച്ചുകളിയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി.
സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണ്ണവും ആശങ്ക വര്‍ധിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു.

കൂടുതല്‍ ജനവാസമേഖലകള്‍ ഉള്‍പ്പെടുന്നതും അശാസ്ത്രീയമായതുമായ ഉപഗ്രഹ സര്‍വേ സംബന്ധിച്ച പരാതി കേള്‍ക്കാനും പരിഹരിക്കാനും വളരെ ചുരുങ്ങിയ സമയപരിധി അനുവദിച്ചത് പ്രതിഷേധാര്‍ഹമാണ്. പരിസ്ഥിതിലോല മേഖലയില്‍ പഞ്ചായത്തുതല വിദഗ്ധ സമിതികള്‍ രൂപീകരിച്ച് ഗ്രൗണ്ട് സര്‍വേയും പഠനവും നടത്തി വേണം ബഫര്‍ സോണ്‍ പരിധി സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു അടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ബഫര്‍സോണ്‍ പരിധി കൃത്യമായി മനസിലാക്കാന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.

സ്ഥലപ്പേരുകളും മറ്റും ഉള്‍പ്പെടുത്തി ലളിതമായി ജനങ്ങള്‍ക്ക് മനസിലാകും വിധം റിപ്പോര്‍ട്ടില്‍ അടയാളപ്പെടുത്തുന്നതിന് പകരം സര്‍വേ നമ്പരുകള്‍ രേഖപ്പെടുത്തിയത് കാരണം അതിരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് സാധാരണജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്‍മേല്‍ വിദഗ്ധസമിതി മുന്‍പാകെ ലഭിക്കുന്ന എല്ലാ പരാതികളിലും തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഭൗതിക സ്ഥലപരിശോധന നടത്തുമെന്ന വനംമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു.

മലയോര പ്രദേശവാസികളെ വഞ്ചിച്ച് ബഫര്‍സോണ്‍ അനുകൂല നിലപാടാണ് എല്‍.ഡി.എഫും സര്‍ക്കാരും സ്വീകരിക്കുന്നത്. അതിന് ഉദാഹരണമാണ് 2019 ഒക്ടോബര്‍ 23-ന്റെ മന്തിസഭാ തീരുമാനം. സംരക്ഷിത മേഖലയ്ക്കു ചുറ്റുമുള്ള ഭൂമിയുടെ ഉപയോഗം, ജനവാസമേഖലകള്‍, കൃഷി ഭൂമി, വ്യവസായങ്ങള്‍, അവയുടെ സ്വഭാവം, വാണിജ്യ പൊതുകെട്ടിടങ്ങള്‍ എന്നിവ സംബന്ധിച്ചു പട്ടിക തയാറാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കുന്നതില്‍ സംസ്ഥാന വനംവകുപ്പ് ഗുരുതവീഴ്ചയാണ് വരുത്തിയത്. അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കാത്തത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് വനം വകുപ്പിനു ലഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും ഇത്രയും നാള്‍ പ്രസിദ്ധീകരിക്കാതെ വച്ചതും വനം വകുപ്പിന്റെ വീഴ്ചയാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ വന്യമൃഗശല്യം ഇപ്പോള്‍ തന്നെ വലിയ ഒരു ജീവല്‍പ്രശ്നമായി മാറിയിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 1,423 പേരാണ് വന്യമൃഗ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടത്. അതിനെ നേരിടാന്‍ നിലവിലെ വനനിയമങ്ങള്‍ കൊണ്ട് സാധ്യമല്ല. അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വനനിയമങ്ങള്‍ വ്യാപിപ്പിക്കുന്നത് കര്‍ഷകരെയും ഇവിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശം നിശ്ചയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ബാധിക്കാതിരിക്കാന്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര അലംഭാവം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ബഫര്‍ സോണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അത് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. കേരളത്തിന്റെ ഭൂഘടനയും ജനങ്ങളുടെ ദുരിതവും കോടതിയില്‍ കൃത്യമായി വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള അവസരം സര്‍ക്കാരിന്റെ ഉദാസീനത കൊണ്ട് നഷ്ടമായെന്നും സുധാകരന്‍ കുറ്റപ്പെടുത്തി

യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് പരിസ്ഥിതിയെ പൂര്‍ണമായി സംരക്ഷിച്ചുകൊണ്ട് ഉമ്മന്‍ വി. ഉമ്മന്‍ കമ്മിഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞാണ് പിണറായി സര്‍ക്കാര്‍ ബഫര്‍സോണിന് അനുകൂല നിലപാട് സ്വീകരിച്ചത്. എന്നിട്ട് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. വീണ്ടുവിചാരമില്ലാതെ കൊണ്ടുവന്ന സില്‍വര്‍ ലൈന്‍ പദ്ധതി ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ട വന്ന ഗതികേട് പിണറായി സര്‍ക്കാര്‍ വിസ്മരിക്കരുത്. അതില്‍നിന്നുള്ള അനുഭവപാഠം ഉള്‍ക്കൊണ്ട് ബഫര്‍ സോണ്‍ വിഷയത്തില്‍ ജനപക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോള്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. ആ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുറ്റമറ്റതും പരാതിരഹിതവുമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കേണ്ടത്. കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ ജനകീയപ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: k sudhakaran criticises government over buffer zone issue

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


ANTONY

1 min

അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

Sep 23, 2023


Most Commented