കെ.സുധാകരൻ, പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
കൊച്ചി: ബ്രണ്ണന്‍ കോളേജില്‍ തന്നെ അര്‍ദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാല്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. "ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സി.എച്ചിന്റെ പരിപാടി കലക്കിയെന്ന് എനിക്കെതിരെ ചാര്‍ത്തപ്പെട്ട മറ്റൊരു കുറ്റം. എവിടെയോ ലക്ഷ്യംവെച്ചാണ് ആ മര്‍മപ്രയോഗം എന്നെനിക്കറിയാം. പക്ഷേ അതിലൊന്നും കേരളത്തിലെ ജനങ്ങള്‍ കുലുങ്ങില്ല. സി.എച്ച്. മുഹമ്മദ് കോയ ബ്രണ്ണന്‍ കോളേജില്‍ വന്നിരുന്നു. എതിര്സംഘടനകള് മുദ്രാവാക്യം വിളിച്ചിരുന്നു. അദ്ദേഹത്തിനെതിരെ അല്ലായിരുന്നു മുദ്രാവാക്യം. ആ പരിപാടിക്കെതിരെ ആയിരുന്നു. അതല്ലാതെ സി.എച്ചിനെ വ്യക്തിപരമായി ഒന്നും ആക്ഷേപിച്ചിട്ടില്ല."
"എന്നെ അര്‍ധനഗ്നനായി കോളേജിന് ചുറ്റും നടത്തിച്ചുവെന്നാണ് പറയുന്നത്. എന്റെ കൂടെ പഠിച്ച ആയിരക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. അധ്യാപകരുണ്ട്. ആരോടെങ്കിലും ചോദിച്ച് ഈ ആരോപണം ശരിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ എല്ലാ പണിയും നിര്‍ത്തി രാഷ്ട്രീയത്തില്‍നിന്ന് മാറി നില്ക്കാം. ഇല്ലെങ്കില്‍ പിണറായി രാഷ്ട്രീയത്തില്‍നിന്ന് മാറുമോ? കെ.എസ്.എഫ്. എന്ന സംഘടന അന്ന് അവിടെ നാമമാത്രമാണ്. അവരാണ് സി.എച്ചിന്റെ പരിപാടി സംരക്ഷിച്ചതെന്ന് പറയുന്നത്. എ.കെ. ബാലനും മമ്പുറം ദിവാകരനുമൊക്കെ എന്റെ ജൂനിയറാണ്.
"പിണറായി വിജയന് ബ്രണ്ണന്‍ കോളേജില്‍ വന്നപ്പോള്‍ സംഘര്‍ഷമുണ്ടായി എന്നത് സത്യമാണ്. അഭിമുഖത്തില്‍ വന്ന ആ യാഥാര്‍ഥ്യവും ശരിയാണ്. പക്ഷേ, ഞാന്‍ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല. അത് ഞാന്‍ ആഗ്രഹിക്കാത്തതാണ്. അതില്‍ പിടിച്ച് എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഞാന്‍ നിഷേധിക്കുന്നു." സുധാകരന് പറഞ്ഞു.
Content Highlights: K. Sudhakaran challenges CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..