
K Sudhakaran
കണ്ണൂരിലെ കോണ്‍ഗ്രസ് എന്നാല്‍ കെ.സുധാകരനാണ്. കെ.സുധാകരന് നയിക്കുന്നതുകൊണ്ടാണ് ഇടതുകോട്ടയായ കണ്ണൂരില്‍ കോണ്‍ഗ്രസിന് പിടിച്ചു നില്ക്കാന് കഴിയുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നത്. പ്രവര്‍ത്തകരോട് അത്രയും ചേര്‍ന്നു നില്ക്കുന്ന നേതാവ്, സമവായങ്ങള്‍ക്ക് വഴങ്ങാത്ത എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കുന്ന നേതാവ്, അതാണ് അണികള്‍ക്ക് കെ. സുധാകരന്.
അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രതിരോധ മുഖമായിരുന്നു സുധാകരന്. പ്രസംഗങ്ങളില്‍ സുധാകരന്റെ നാവ് ചാട്ടുളി പോലെ എതിരാളികളെ കടന്നാക്രമിക്കും, അതുകേട്ട് അണികള്‍ ആവേശഭരിതരാകും. പ്രവര്‍ത്തകര്‍ക്കിടയില്‍, അവര്‍ക്കുവേണ്ടി ജീവിക്കുന്നൊരു നേതാവ്- അതാണ് സുധാകരനെ അണികളുടെ പ്രിയപ്പെട്ട നേതാവാക്കുന്നതും. ഇതൊക്കെ കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ പ്രസ്ഥാനത്തിനെ കൈപിടിച്ചുയര്‍ത്താന്‍ കെ. സുധാകരന് വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഒരു തവണ മന്ത്രിയായത് ഒഴിച്ചാല്‍ കണ്ണൂരിനപ്പുറം വളരാന്‍ കെ. സുധാകരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി വൈകിയാണെങ്കിലും നല്കിയ അംഗീകാരമായി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം.
പാര്‍ട്ടി ഏറ്റവും വെല്ലവിളി നേരിടുന്ന കാലത്ത് ഉശിരുള്ളൊരു നേതാവ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുക എന്നത് അനിവാര്യതയായിരുന്നു. ഗ്രൂപ്പ് വടംവലിക്കും എതിര്‍പ്പുകള്‍ക്കും അപ്പുറം ഹൈക്കമാന്റ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലെന്നപോലെ കെ.പി.സി അധ്യക്ഷന്റെ കാര്യത്തിലും പ്രവര്‍ത്തകരുടെ മനസറിഞ്ഞു, അവരുടെ വികാരങ്ങള്‍ക്ക് ചെവികൊടുത്തു.
കണ്ണൂര്‍ ജില്ലയിലെ എടക്കാട് താലൂക്കിലെ നടാല്‍ എന്ന ഗ്രാമത്തില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി 1948 മെയ് 11-നാണ് കെ. സുധാകരന്റെ ജനനം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ സുധാകരന് 1967-1970 കാലഘട്ടത്തില്‍ കെ.എസ്.യുവിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായിരുന്നു.
കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, നാഷണല്‍ സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് (എന്‍.എസ്.ഒ) സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിങ്ങായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. എന്നാല്‍, 1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
കെ.പി.സി.സിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍, കണ്ണൂര്‍ ഡി.സി.സിയുടെ പ്രസിഡന്, യു.ഡി.എഫ്ന്റെ കണ്ണൂര്‍ ജില്ലാ ചെയര്മാന്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ.കെ. ആന്റണി മന്ത്രിസഭയില്‍ കെ.സുധാകരന് ആദ്യമായി വനംവകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009-ല്‍ ആണ് സുധാകരന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
സിപിഎമ്മിലെ കെ.കെ. രാഗേഷിനെയാണ് അന്ന് സുധാകരന് പരാജയപ്പെടുത്തിയത്. എന്നാല്‍ 2014ല്‍ പി.കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം.പിയായിരുന്ന സിപിഎമ്മിലെ പി.കെ. ശ്രീമതിയെ ഒരു ലക്ഷം വോട്ടുകള്‍ക്കടുത്തുള്ള ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന് വീണ്ടും ലോക്സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്മിത (റിട്ട. അധ്യാപിക, ഹയര്‍ സെക്കന്ററി സ്കൂള്‍, കാടാച്ചിറ) മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്സ്), മരുമകള്‍-ശ്രീലക്ഷ്മി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..