കെ. സുധാകരൻ, പിണറായി വിജയൻ| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ രാജിവെച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇക്കാലയളവില്‍ രണ്ടു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെങ്കില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചയുടനെ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമായിരുന്നല്ലോയെന്നും സുധാകരന്‍ ചോദിച്ചു.
തിടുക്കത്തില്‍ തട്ടിക്കൂട്ട് കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ വിശദമായ അന്വേഷണം നടത്താതെയാണ് തട്ടിക്കൂട്ടിയ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിജീവിതയ്ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ഈ മാസം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് പ്രത്യേക സാഹചര്യത്തില്‍ കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. എവിടെയൊക്കെയോ പോലീസിന് കൈവിറയലുണ്ടായി എന്നല്ലേ ഇതിനില്‍നിന്ന് കരുതേണ്ടത്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാത്ത സര്‍ക്കാര്‍ നടപടിക്കും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിനും എതിരെ കേരളീയ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശന ഉയര്‍ന്നപ്പോള്‍ മാത്രമാണ് കുറ്റപത്രം നല്‍കാന്‍ സമയം നീട്ടിചോദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. അത് വൈകിവന്ന വിവേകം മാത്രമാണ്. നടിയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണനും ഇപി ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഒരുഘട്ടത്തില്‍ ശരിയായ ദിശയിലായിരുന്ന കേസിന് ഗതിമാറ്റം ഉണ്ടായത് അന്വേഷണം ചിലരിലേക്ക് എത്തിയപ്പോഴാണ്. കേസുമായി ബന്ധപ്പെട്ട ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യണമെന്ന് പോലീസ് തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവരെ എന്തിനാണ് മുഖ്യമന്ത്രിയും പോലീസും ഭയക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടുത്ത് കാലത്ത് നടന്ന നിയമനത്തെ തുടര്‍ന്നാണ് കേസ് വഴിതെറ്റാന്‍ തുടങ്ങിയതെന്ന് ആക്ഷേപമുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
Content Highlights: k sudhakaran allegation against state government in actress molestation case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..