പിണറായി വിജയൻ, കെ സുധാകരൻ | ഫോട്ടോ: മാതൃഭൂമി, പിടിഐ
തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോള്‍ 'കിണ്ണം കട്ടവനാണെന്നേ തോന്നൂ'വെന്ന പഴഞ്ചൊല്ലാണ് ഓര്‍മവന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.
പഴയ പിണറായി വിജയന്‍, പുതിയ പിണറായി വിജയന്‍, ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നയാള്‍, ഇരട്ടച്ചങ്കന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം നിയമസഭയില്‍നിന്ന് ഇറങ്ങിയോടി. പകരം കൈയോടെ പിടികൂടപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയില്‍നിന്ന് നിയമസഭയില്‍ കണ്ടത്. നിയമസഭയില്‍ ഒളിച്ചിരിക്കുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ പൊക്കാന്‍ ഇ.ഡി. കയറിവരുമോ എന്ന ഭയവും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കാം. കേരളത്തിന്റെ ഒരു മുഖ്യമന്ത്രിക്കും ഇങ്ങനെയൊരു ദാരുണാവസ്ഥ ഉണ്ടായിട്ടില്ലെന്നും ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നുമാണ് തന്റെ പ്രാര്‍ഥനയെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ ശൈലിയില്‍ എം.എല്‍.എ.മാരെ ഇളക്കിവിട്ട് പ്രമേയാവതാരകന്‍ മാത്യു കുഴല്‍നാടനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഒച്ചവെച്ച് ഇരുത്താനാണ് ഭരണകക്ഷി ബഞ്ച് ശ്രമിച്ചത്. സ്പീക്കര്‍ക്ക് ഭരണകക്ഷി അംഗങ്ങളെ പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്ത്താനും സംരക്ഷിക്കാനും ചാവേറുകളെപ്പോലെയാണ് ചില എം.എല്‍.എ.മാര്‍ സ്വന്തം അസ്തിത്വംവരെ പണയപ്പെടുത്തി പെരുമാറിയത്. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് വീടു കെട്ടേണ്ട 20 കോടിയില്‍ ഒന്‍പതേകാല്‍ കോടി രൂപ കട്ടതിന്റെ ജാള്യം ഓരോ സി.പി.എം. അംഗത്തിന്റെയും മുഖത്ത് എഴുതിവച്ചിരുന്നു. സത്യത്തെ ഏറെനാള്‍ കുഴിച്ചുമൂടാമെന്ന് കരുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ പോലീസ് നല്‍കുന്നതാണെന്നും അതു വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നുമുള്ള പിണറായിയുടെ തള്ള് ചരിത്രബോധമുള്ളവര്‍ കേട്ട് ചിരിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് എഴുതിക്കൊടുക്കുകയും കേവലം ഒരു പൈലറ്റ്, ഒരു എസ്‌കോര്‍ട്ട് എന്നിവയുമായി അഞ്ചുവര്‍ഷം കേരളം ഭരിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തെ ഡി.വൈ.എഫ്.ഐ.ക്കാര്‍ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചപ്പോഴും സുരക്ഷ കൂട്ടാന്‍ ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല. ഒരു കറുത്ത തുണിയെപ്പോലും പേടിക്കുന്ന പിണറായി വിജയന്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്കു മാത്രമുള്ള എസ്.പി.ജി. പ്രൊട്ടക്ഷനെപ്പോലും തോല്‍ക്കുന്ന രീതിയിലുള്ള വന്‍സന്നാഹവുമായാണ് ജനങ്ങളെ വഴിനീളെ ബുദ്ധിമുട്ടിലാക്കി യാത്ര ചെയ്യുന്നത്. ഇതു ഭീരുത്വമല്ലെങ്കില്‍ മറ്റെന്താണെന്ന് സുധാകരന്‍ ചോദിച്ചു.
Content Highlights: k sudhakaran against pinarayi vijayan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..