കെ. സുധാകരൻ | Photo: Mathrubhumi News/ Screengrab
തിരുവനന്തപുരം: നികുതിഭാരവും സാമ്പത്തിക ഞെരുക്കവും ജനം നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും 'കാരണഭൂതന്റെ' ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്‌സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാനവകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍നിന്നാണ് ആഘോഷത്തിന് പണം കണ്ടെത്തുന്നത്. കടത്തിനുമേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടിപൊടിക്കുന്നത്.
ക്ഷേമപെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍ കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികള്‍ വൃഥാ കത്തിയമരുന്നത്. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസം കിരണം പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണപദ്ധതി പ്രതിസന്ധിയിലാണ്.
രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നിൽക്കുമ്പോള്‍ 4,000 കോടി രൂപയുടെ ബജറ്റ് നികുതി നിര്‍ദേശങ്ങള്‍ നടപ്പില്‍ വന്നതോടെ ജനജീവിതം അങ്ങേയറ്റം ദുസഹമായി. പെട്രോള്‍- ഡീസല്‍ വില വര്‍ധന സമസ്ത മേഖലകളിലും വില വര്‍ധിപ്പിച്ചു. മരുന്നുകള്‍ക്ക് 12% വില കൂടി. വെള്ളക്കരം, പാചകവാതകം, വൈദ്യുതി, ബസ്‌കൂലി തുടങ്ങിയ എല്ലാത്തിനും ലോകത്തിലില്ലാത്ത വിലയാണ്. വസ്തുനികുതി, ഭൂമി രജിസ്‌ട്രേഷന്‍, ഭൂമിയുടെ ന്യായവില തുടങ്ങിയവ കുതിച്ചു കയറി. ജീവിതഭാരം താങ്ങനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു-സുധാകരൻ പറഞ്ഞു.
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുമ്പോള്‍, സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അത് പാര്‍ട്ടി ആസ്ഥാനത്ത് കെട്ടിവച്ചിരിക്കുന്ന പണം എടുത്തു മാത്രമേ ചെയ്യാവൂ എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Content Highlights: K Sudhakaran, Kerala Government Anniversary Celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..