കെ സുധാകരൻ
തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ്വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണമെന്നും സുധാകരന് കുറ്റപ്പെടുത്തി.
ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിഷം കലര്‍ന്ന ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണം. കുറ്റമറ്റ പരിശോധന നടത്താന്‍ ഇനിയുമെത്ര ജീവനുകള്‍ ഹോമിക്കേണ്ടി വരുമെന്നും ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യ അരക്ഷിതത്വ വകുപ്പാണോയെന്നും സുധാകരന് ചോദിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുകയും പേരിന് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന നടപടികള്‍ നടത്തുന്നതും പരിഹാസ്യമാണ്. നിസ്സാര പിഴയീടാക്കി ഹോട്ടലുകള്‍ക്ക് വീണ്ടും പ്രവര്‍ത്താനുമതി നല്‍കുന്നത് വിഷം വിളമ്പുന്നവര്‍ക്ക് നല്കുന്ന പ്രോത്സാഹനമാണ്. വര്‍ഷത്തില്‍ കൃത്യമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ മനുഷ്യ ജീവനുകള്‍ ബലിനല്‍കേണ്ടി വരില്ലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടു വിലപ്പെട്ട ജീവനുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഷ്ടമായതെന്നും സുധാകരന് കുറ്റപ്പെടുത്തി.
ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാതെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിന് ഉത്തരവാദി സര്‍ക്കാരാണ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലും ഭക്ഷ്യസുരക്ഷാ വകുപ്പ് അലംഭാവം കാട്ടുന്നു. ഹോട്ടല്‍ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് ഗ്രേഡിങ് സംവിധാനം എത്രയും വേഗം നടപ്പാക്കുന്നതാണ് ഉചിതമെന്നും സുധാകരന് പറഞ്ഞു.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫുഡ് സേഫ്റ്റി ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അടിസ്ഥാന സൗകര്യത്തിന്റെയും ജീവനക്കാരുടെയും അപര്യാപ്തതയാണ് പരിശോധന പാളുന്നതില്‍ പ്രധാനഘടകം. ഹോട്ടലുകളില്‍ നിന്നും ശേഖരിക്കുന്ന സാംപിളുകള്‍ പരിശോധിക്കാനുള്ള മികച്ച സംവിധാനം സംസ്ഥാനത്തില്ലെന്നത് ഖേദകരമാണ്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ശുഷ്കാന്തി കാട്ടുന്ന പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
Content Highlights: k sudhakaran against government and food safety department
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..