കെ.സുധാകരൻ | Photo: Mathrubhumi
തിരുവനന്തപുരം: അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്റെ ഏക സ്വതന്ത്രസ്ഥാപനമായ ലോകായുക്തയുടെ ശവമടക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. ഇതിന് മുഖ്യകാര്‍മികത്വം വഹിച്ച പിണറായി വിജയനും കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍പോലും ത്രാണിയില്ലാത്ത ലോകായുക്തയ്ക്കും തുല്യപങ്കാണുള്ളത്. ഇതിലൊരു വലിയ ഡീല്‍ നടന്നിട്ടുണ്ടെന്ന് നേരത്തെ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞു. അവിഹിതമായി നേടിയ വിധിയോടെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടു. ജനം കഴുത്തിനു പിടിച്ചു പുറത്താക്കുന്നതിനു മുമ്പ് മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതിന്റെ തെളിവാണ് വിധിയിലുള്ളത്. ഹര്‍ജി ലോകായുക്തയുടെ പരിഗണനയില്‍ വരുമോ എന്നതും ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചും രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഫുള്‍ബെഞ്ചിനു വിടാനാണ് വിധി. എന്നാല്‍ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുമെന്ന് 2019-ല്‍ ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍, ജസ്റ്റിസ് എ.കെ ബഷീര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഫുള്‍ബെഞ്ച് കണ്ടെത്തിയശേഷമാണ് കേസുമായി മുന്നോട്ടുപോയത്. അന്നത്തെ ലോകായുക്തയുടെ തീരുമാനത്തെ പിണറായി വിജയനെ രക്ഷിക്കാന്‍ ഇപ്പോഴത്തെ ലോകായുക്ത ചോദ്യം ചെയ്തത് അവരോട് ചെയ്ത നെറികേടാണ്.
ഒരു മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണ് 2022-ല്‍ പൂര്‍ത്തിയായ ഹീയറിങ്ങിന്റെ വിധി ഒരു വര്‍ഷം കഴിഞ്ഞും നീട്ടിക്കൊണ്ടുപോയതെന്ന് പറഞ്ഞ് മലയാളികളെ മണ്ടന്മാരാക്കരുത്. ഹൈക്കോടതി മൂന്നാം തീയതി കേസ് പരിഗണിക്കുന്നു എന്നതിനാല്‍ മാത്രമാണ് ഇങ്ങനെയെങ്കിലും ഒരു വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ അതിശക്തമായ നിയമപോരാട്ടം തുടരുക തന്നെ ചെയ്യും. മുന്‍ ലോകയുക്തയുടെ ഫുള്‍ ബെഞ്ചും ഇപ്പോള്‍ രണ്ടിലൊരു ലോകായുക്തയും സര്‍ക്കാരിനെതിരേ നിലപാട് എടുത്തിട്ടുണ്ട് എന്നത് ഈ കേസിന് ഏറ്റവും ശക്തമായ ആയുധമായിരിക്കും.
35 വര്‍ഷമായി ലാവ്‌ലിന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ അസാമാന്യ വൈഭവം കാണിച്ച പിണറായി വിജയന്‍ അഞ്ച് വര്‍ഷമായി ദുരിതാശ്വാസ കേസും നീട്ടിക്കൊണ്ടു പോകുകയാണ്. കേരളത്തിലെ ജനങ്ങള്‍ നീതിക്കായി മുട്ടിവിളിക്കുന്ന ഏക ജാലകമാണ് പിണറായിക്കുവേണ്ടി കൊട്ടിയടച്ചതെന്ന് ലോകായുക്ത മറക്കരുത്. വാര്‍ഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കര്‍ണാടകത്തിലെ ലോകായുക്തയപ്പോലെ കടിച്ചില്ലെങ്കിലും കുരച്ചിരുന്നെങ്കില്‍ എന്ന് ജനങ്ങള്‍ ആശിച്ചുപോകുന്നു. ജനങ്ങളുടെ പണമാണിതെന്ന് ആരും മറക്കരുതെന്ന് സുധാകരന്‍ പറഞ്ഞു.
വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികത- ചെന്നിത്തല
കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകയുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലോകായുക്തയ്ക്ക് മുമ്പിലുള്ളത് സത്യസന്ധമായ കേസാണ്. ഫുള്‍ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയില്ല. കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണെന്നും ചെന്നിത്തല പറഞ്ഞു.
ലോകായുക്തയുടെ പല്ലും നഖവും പറിച്ച് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. ഗവര്‍ണ്ണര്‍ ഒപ്പിടാത്തതുകൊണ്ട് അത് നടന്നില്ല. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതവും അഴിമതിയുമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ രക്ഷപെടാന്‍ കഴിയില്ലെന്നുറപ്പാണ്. ലോകായുക്ത വിധി വൈകിച്ചത് തെറ്റാണ്. ലോകായുക്തയ്ക്ക് മുന്‍പില്‍ എത്തുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കണം. ലോകായുക്ത വിധി വൈകിപ്പിച്ചതില്‍ അസ്വഭാവികതയുണ്ടെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: k sudhakaran against cm pinarayi vijayan and lokayukta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..