ഗ്രഹാം സ്റ്റെയിനും സ്റ്റാൻ സ്വാമിയും പൊറുക്കില്ല, ബിജെപിയുടേത് കർഷകരെ ദ്രോഹിച്ച ചരിത്രം- സുധാകരൻ


3 min read
Read later
Print
Share

കെ.സുധാകരൻ

തിരുവനന്തപുരം: ഗ്രഹാം സ്റ്റെയിനും ഫാ. സ്റ്റാന്‍ സ്വാമിയും ഉള്‍പ്പെടെയുള്ള അനേകം മിഷനറിമാരുടെ രക്തം നിലവിളിക്കുമ്പോള്‍ ബിജെപിയെ ഒരിക്കലും വിശ്വസിക്കരുതെന്ന ചരിത്രമാണ് ഓര്‍മപ്പെടുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മദര്‍ തെരെസയുടെ ഭാരതരത്നം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും നൂറു കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ഇടിച്ചുനിരത്തുകയും ബലമായി ഖര്‍വാപസി നടപ്പാക്കുകയും ചെയ്ത സംഘപരിവാര്‍ ശക്തികളുമായി പൊരുത്തപ്പെടാന്‍ സാധിക്കില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

2021-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരേ 500 ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചഡൊ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളാണ്. 1331 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ ദേവാലയങ്ങളും സ്‌കൂളുകളും വീടുകളും വസ്തുവകകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന ന്യൂനപക്ഷസംരക്ഷണത്തിനാണ് സംഘപരിവാര്‍ ശക്തികള്‍ തീകൊളുത്തിയത്.

കൊടിയ വഞ്ചനയ്ക്ക് ഇരയായ കര്‍ഷകര്‍ ഡല്‍ഹിയില്‍ രണ്ടാം കര്‍ഷകപോരാട്ടം നടത്തുമ്പോള്‍ കണ്ണിലെ കൃഷ്ണമണിപോലെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്കിയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാര്‍ മൂന്നു കോടി കര്‍ഷകരുടെ 73, 000 കോടി രൂപ എഴുതിത്തള്ളി ചരിത്രം സൃഷ്ടിച്ചു. ബിജെപി ഭരിച്ച 2019-20ല്‍ മാത്രം 10, 881 കര്‍ഷര്‍ ആത്മഹത്യചെയ്തെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ടിലുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് കേരളത്തിലാദ്യമായി റബറിന് 150 രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയത്. അന്ന് റബ്ബറിന് വെറും 120 രൂപ മാത്രമായിരുന്നു വില. റബ്ബറിന് 250 രൂപ താങ്ങുവില ഏര്‍പ്പെടുത്തുമെന്ന് പ്രകടപത്രികയില്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ പിണറായി സര്‍ക്കാര്‍ വെറും 20 രൂപ വര്‍ധിപ്പിച്ചത് 2021-ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാത്രമാണ്. കോടിക്കണക്കിനു രൂപ വിലസ്ഥിരതാ ഫണ്ടില്‍നിന്ന് റബര്‍ കര്‍ഷകര്‍ക്ക് ഇനിയും നല്കാനുണ്ട്.

റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ബിജെപി ഇതുവരെ ചെറുവിരല്‍ അനക്കിയിട്ടില്ല. റബര്‍ ഇറക്കുമതി കുത്തനേ കൂടുകയും വില ഇടിയുകയും ടയര്‍ലോബി കൊള്ളലാഭം കൊയ്യുകയും ചെയ്തത് ബിജെപി ഭരണത്തിലാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് റബര്‍ കൃഷി വ്യാപിപ്പിച്ചും റബര്‍ ബോര്‍ഡ് കേരളത്തില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചും കേരളത്തിലെ റബര്‍ കര്‍ഷകരെ ദ്രോഹിച്ച ചരിത്രമേ ബിജെപിക്കുള്ളു. റബറിനെ വ്യാവസായികോല്‍പ്പന്നം എന്നതില്‍നിന്ന് കാര്‍ഷികോല്‍പ്പന്നം എന്നതിലേക്ക് മാറ്റണമെന്ന കര്‍ഷകരുടെ മുറവിളിയും വൃഥാവിലായി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയതും നീര ഉല്പാദനത്തിന് അനുമതി നല്കിയതും ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ

മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ താന്‍ നടത്തിയ പ്രസംഗത്തിനെതിരെ കലാപശ്രമത്തിന് കേസെടുത്തത് അല്‍പ്പത്തരമായിപ്പോയെന്ന് സുധാകരന്‍ പറഞ്ഞു.

സമാന രീതിയില്‍ കേസെടുത്തിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ എത്ര കേസുകള്‍ എടുക്കേണ്ടിവരുമായിരുന്നു. പോലീസ് കേസെടുത്ത് വിരട്ടി മൂലയ്ക്കിരുത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള മാന്യതയും തന്റേടവുമാണ് മുഖ്യമന്ത്രി പുലര്‍ത്തേണ്ടത്. എന്നും ആനപ്പുറത്ത് ഇരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ജനദ്രോഹ ഭരണത്തെയും ഭരണപരാജയത്തെയും പിടിപ്പുകേടിനെയും വിമര്‍ശിച്ചാല്‍ അതെങ്ങനെയാണ് കലാപ ശ്രമമാകുക. നിയമവാഴ്ചയെ അനുസരിച്ചാണ് ശീലം. എന്നുകരുതി നട്ടെല്ല് ആരുടെയും മുന്നില്‍ പണയം വെച്ചിട്ടില്ല. തല ഉയര്‍ത്തി തന്നെയാണ് നാളിതുവരെ പൊതുപ്രവര്‍ത്തനം നടത്തിയത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ടതിന്റെ പേരില്‍ കേസും കോടതിയും ഒരുപാട് കണ്ടും അതിനെ ധൈര്യത്തോടെ നേരിട്ടും തന്നെയാണ് ഇതുവരെയെത്തിയത്. പോലീസ് കേസിന്റെ പേരിലോ ആരെയെങ്കിലും പേടിച്ചോ പിന്‍മാറിയ ചരിത്രം തന്റെ രാഷ്ട്രീയ ജീവിതത്തിലില്ല. ഇനിയത് ഉണ്ടാകുകയുമില്ലെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയനോളം നിലവാരം താഴാന്‍ കേരളത്തില്‍ മറ്റാര്‍ക്കും സാധ്യമല്ല. നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ,കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം തുടങ്ങി മലയാള ഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത ഭാഷാ വിദഗ്ദ്ധനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആ സംഭാവനകളില്‍ ഒരെണ്ണം എടുത്ത് അദ്ദേഹത്തെ വിശേഷിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പൊതുപ്രവര്‍ത്തകന്റെ അന്തസ്സിന് ചേരാത്ത വിധം പ്രതിയോഗികളെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി പ്രയോഗങ്ങളിലൂടെ കേരള രാഷ്ട്രീയത്തെ മലീമസമാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍. മാന്യതയുടെ കുപ്പായം അണിഞ്ഞ് പുതിയ പിണറായി വിജയനാകാന്‍ എത്ര ശ്രമിച്ചാലും പഴയ പിണറായി വിജയന്റെ ഭൂതകാലം കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: K Sudhakaran against Bishop's pro-BJP statement

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreelekha

1 min

നൃത്താധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Jun 6, 2023


arikkomban

1 min

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു; മുറിവിന് ചികിത്സനല്‍കി

Jun 6, 2023


kb ganesh kumar arikkomban

2 min

അരിക്കൊമ്പന്‍ തളര്‍ന്നിരിക്കുന്നു, മുറിവ് ഗുരുതരം; ഉത്തരവാദികള്‍ കേസുകൊടുത്ത ദ്രോഹികള്‍ - ഗണേഷ്

Jun 6, 2023

Most Commented