കണ്ണൂര്‍: സി.പി.എമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ. സുധാകരന്‍ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്നായിരുന്നു കെ. സുധാകരന്റെ മറ്റൊരു ആരോപണം. 

വിജയരാഘവനെപ്പോലുള്ള നേതാക്കന്‍മാരെ മുന്നില്‍ നിര്‍ത്തി, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുകയാണ് സര്‍ക്കാര്‍. വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. മതമേലാധ്യക്ഷന്‍മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ച് ചേര്‍ത്ത് ഈ പ്രശ്‌നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്. 

സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നീടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ മതമേലധ്യക്ഷന്മാരില്‍ നിന്ന് ഉണ്ടാവുകയാണ്. അതിനാല്‍ പ്രശ്‌നം പരിഹരിച്ചു എന്ന സര്‍ക്കാര്‍ അവകാശവാദത്തില്‍ കഴമ്പില്ല. 

കോണ്‍ഗ്രസ് മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിക്കുന്നുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാല്‍ കര്‍ശനമായ അന്വേഷണത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

Content Highlights: K Sudhakaran, A Vijayaraghavan, CPIM, Congress