
-
തിരുവനന്തപുരം: ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തി താലിബാന് പോലെയൊരു തീവ്രവാദ സംഘടനയ്ക്ക് ഭരണം പിടിച്ചെടുക്കാന്‍ കഴിയും എന്നത് നടുക്കത്തോടെയല്ലാതെ നോക്കിയിരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനാധിപത്യവും മാനവികതയും വീണ്ടും പരാജയപ്പെടുകയാണ്. ഇരുള് മറനീക്കി ജനാധിപത്യ വിശുദ്ധിയുടെ പുതിയ സൂര്യന് ആ ജനതയ്ക്ക് മുകളില്‍ വീണ്ടും പ്രകാശിക്കുന്ന നാള് വരുമെന്നതില്‍ സംശയമില്ല.
ജനാഭിലാഷം ചാരത്തില്‍ നിന്നും ഉയിര്ത്തെഴുനേല്ക്കാന് കഴിയുന്ന ഫീനിക്സ് പക്ഷിയാണ് എന്നതിന് ലോക ചരിത്രം സാക്ഷിയാണ്. സാമ്രാജ്യത്വ ശക്തികള്‍ പതിറ്റാണ്ടുകള്‍ ആയി നടത്തിയ അധിനിവേശമാണ് അഫ്ഗാനിലെ താലിബാന് തീവ്രവാദികള്‍ക്ക് വളം ആയി മാറിയത്. മതത്തെയും സ്റ്റേറ്റിനെയും വേര്‍തിരിച്ച ഏറ്റവും ഉദാത്തമായ ജനാധിപത്യ ബോധത്തില്‍ നിന്നുമുള്ള തിരിഞ്ഞു നടത്തമാണ് താലിബാന്റെ മത രാഷ്ട്ര വാദം.
മതരാഷ്ട്രം അതിന്റെ സര്‍വ്വഭീകരതയോടും കൂടി പത്തിവിരിച്ചാടുമ്പോള്‍ ഒരു സമൂഹത്തിന് എന്ത് സംഭവിക്കും എന്നതിനുള്ള നേര് തെളിവുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ഭീതിദമായ ചിത്രങ്ങള്‍. അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതനം മാത്രമല്ല, അവരുടെ സുനിശ്ചിതമായ തിരിച്ചുവരവ് കൂടി കാണാന്‍ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
മത തീവ്രവാദികളുടെ ഭരണത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം നുറുങ്ങും. അവരുടെ സുരക്ഷയ്ക്കായെങ്കിലും ലോകം ഒരുമിക്കുമെന്നും താലിബാന് തീവ്രവാദികള്‍ എന്നെന്നേയ്ക്കുമായി തുരത്തപ്പെടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. അഫ്ഗാനിസ്ഥാനിലെ സാധാരണ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ മത-വര്‍ഗ്ഗീയ-ഭീകര ശക്തികളെ ഭാരതത്തിന്റെ മണ്ണില്‍ നിന്നും തുടച്ചു നീക്കുവാനുള്ള പോരാട്ടം നമുക്ക് തുടങ്ങി വെയ്ക്കാമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Content Highlights: k.sudhakaran about taliban in afghanisthan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..