കെ.സുധാകരൻ | Photo : ANI
തിരുവനന്തപുരം: സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പോലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നത്. ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യമെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം ഉണ്ടാകുകതന്നെ ചെയ്യും. അതിനെ ഭയന്ന് പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലയ്ക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡി.ജി.പി. വ്യക്തമാക്കണം. കേരളത്തിന്റെ തെരുവോരങ്ങളില്‍ അപകടം വിതയ്ക്കുംവിധമാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറിപ്പായുന്നത്.
മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവൃത്തികള്‍ക്കെല്ലാം കാവലാളാകുന്ന പോലീസ് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് കാട്ടുന്നത്. റോഡരികില്‍ പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേര്‍ക്ക് അമിതവേഗത്തില്‍ വാഹനം ഓടിച്ച് കയറ്റിയും ലാത്തികൊണ്ട് തലയ്ക്കടിച്ചും കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനെല്ലാം പുറമെയാണ് അന്യായമായുള്ള കരുതല്‍ തടങ്കലുകള്‍. നിയമപാലകര്‍ ഭരണകോമരങ്ങള്‍ക്കുവേണ്ടി നിയമംലംഘിച്ച് കിരാത നടപടികള്‍ തുടരുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തങ്ങളും നിര്‍ബന്ധിതരാകുമെന്നും സുധാകരന്‍ പറഞ്ഞു.
സമാധാനമായി പ്രതിഷേധിക്കുന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് നേര്‍ക്ക് അഴിഞ്ഞാട്ടം നടത്തുകയാണ് പോലീസ്. ലാത്തികാട്ടിയാല്‍ ഒലിച്ച് പോകുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരവീര്യം. ഒരു പ്രകോപനവുമില്ലാതെയാണ് കളമശേരി പോലീസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മൃഗീയമായി തല്ലിച്ചതച്ചത്. അത് ചോദ്യംചെയ്യാനെത്തിയ ഷാഫി പറമ്പിലിന്റെയും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മേല്‍ തട്ടിക്കയറി. നിയമം ലംഘിക്കാന്‍ പോലീസിന് പ്രത്യേക അധികാരം വല്ലതും മുഖ്യമന്ത്രി തമ്പ്രാന്‍ തന്നിട്ടുണ്ടോ?, സുധാകരന്‍ ചോദിച്ചു.
പുരുഷ പോലീസ് കെ.എസ്.യു. പ്രവര്‍ത്തകയെ അപമാനിച്ചിട്ട് ഒരു നടപടിയുമെടുത്തില്ല. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐക്കാര്‍ മര്‍ദ്ദിക്കുമ്പോള്‍ കാഴ്ചക്കാരെപ്പോലെ പോലീസ് കയ്യും കെട്ടിനോക്കിനിന്നു. കാക്കിയും ലാത്തിയും അധികാരവും ജനങ്ങള്‍ക്കുവേണ്ടി പ്രതികരിക്കുന്നവരുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സല്ലെന്ന് കൊടിയുടെ നിറംനോക്കി അടിക്കാന്‍ ഇറങ്ങുന്ന പോലീസ് ഏമാന്‍മാര്‍ വിസ്മരിക്കരുത്.
ജനകീയ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി നികുതിക്കൊള്ള നടത്തി സുഖിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തെരുവില്‍ നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിനൊപ്പം കോണ്‍ഗ്രസും സമരരംഗത്തിറങ്ങും. പാര്‍ട്ടി പോലീസിന്റെ തിണ്ണമിടുക്കുകൊണ്ട് നികുതിക്കൊള്ളയെ സാധൂകരിക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ ക്ലിഫ് ഹൗസിനുള്ളില്‍ പതിയിരുന്ന് ഭരണക്രമം നിര്‍വഹിക്കാനെ കഴിയൂ എന്നും സുധാകരന്‍ പറഞ്ഞു.
Content Highlights: K Sudhakan criticizes police action against Congress workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..