പത്തനംതിട്ട: ആറന്മുളയില്‍ സിപിഎം തോല്‍വി സമ്മതിച്ചുവെന്ന് കെ.ശിവദാസന്‍ നായര്‍.  പരാജയത്തിനു ന്യായീകരണം കണ്ടെത്താനാണ് ഇപ്പോള്‍ ശ്രമം. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് സിപിഎം ശ്രമിച്ചുവെന്നും ശിവദാസന്‍ നായര്‍ ആരോപിച്ചു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടിയിട്ടില്ല. 2016ല്‍ ബിജെപിയിലേക്ക് പോയ യുഡിഎഫ് വോട്ടുകള്‍ തിരികെ വരികയാണ് ഉണ്ടായത്. പ്രാദേശിക കാരണങ്ങളാല്‍ യുഡിഎഫിലെ ഒരു വിഭാഗം കഴിഞ്ഞ തവണ മാറി വോട്ടുചെയ്തു. 

പോയ തവണ ഇടതുപക്ഷത്തിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ട ക്രിസ്ത്യന്‍  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വോട്ടുകള്‍ ഇക്കുറി ഭിന്നിച്ചു പോയി, യുഡിഎഫിലെ ഐക്യം, ഇത്തവണത്തെ ശക്തമായ പ്രചാരണം എല്ലാം യുഡിഎഫിന്റെ വിജയത്തിന് കാരണമാകുമെന്നും മുന്‍ എം.എല്‍.എ ആയ ശിവദാസന്‍ നായര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ആറന്മുളയില്‍ ഒരു വിഭാഗം ബിജെപി വോട്ടുകള്‍ യുഡിഎഫിന് കിട്ടിയെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാവ് കെ. അനന്തഗോപന്‍ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.