കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മാതൃഭൂമി സാഹിത്യ പുരസ്‌കാരം മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ എം.പി. സച്ചിദാനന്ദന് സമർപ്പിക്കുന്നു. ജോയന്റ് മാനേജിംഗ് എഡിറ്റർ പി.വി. നിധീഷ് , ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, സച്ചിദാനന്റെ ഭാര്യ ടി.പി. തുളസീ ദേവി എന്നിവർ സമീപം. ഫോട്ടോ: കെകെ സന്തോഷ്
കോഴിക്കോട്: 2020-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം കവി സച്ചിദാനന്ദന് സമര്‍പ്പിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് മാതൃഭൂമി ഹെഡ്ഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി സച്ചിദാനന്ദന് പുരസ്‌കാര ശില്‍പ്പം സമ്മാനിച്ചു. മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍ സമ്മാന തുകയും പ്രശസ്തി പത്രവും കൈമാറി. മാതൃഭൂമി ജോയിന്റ് മാനേജിങ്ങ് എഡിറ്റര്‍ പി.വി നിധീഷ് സച്ചിദാനന്ദനെ പൊന്നാടയണിയിച്ച് ആദരിച്ചു. സീനിയര്‍ എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.രവിന്ദ്രനാഥ്, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഒ.ആര്‍.രാമചന്ദ്രന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ലോക കവിതയുടെ പല പല സംക്രമണ കാലങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മലയാള കവിതയെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന കവിയാണ് സച്ചിദാനന്ദനെന്ന് പ്രശസ്തി പത്രത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ അര നൂറ്റാണ്ടായി സച്ചിദാനന്ദന്‍ കവിത എല്ലാ ജീവിത ഋതുക്കളിലും മലയാളിക്കൊപ്പമുണ്ട്. കാല്‍പ്പനികതയും ഭൂതകാല ഭംഗികളും പല ദേശ പല ഭാഷാ കവിതകളുടെ പാരാഗങ്ങളും ചൂടിക്കൊണ്ട് മോഹിനിയായി നില്‍ക്കുമ്പോള്‍ തന്നെ സച്ചിദാനന്ദന്‍ കവിത വര്‍ത്തമാന കാലത്തിന്റെ തീക്ഷണ യാഥാര്‍ഥ്യങ്ങളേയും ഉള്‍ക്കൊള്ളുന്നുവെന്നും പ്രശസ്തി പത്രം ചൂണ്ടിക്കാട്ടി.
മലയാളം കൂട്ടി വായിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ മാതൃഭൂമി വാരികയുടേയും പത്രത്തിന്റേയും വായക്കാരനായിരുന്നിട്ടുണ്ടെന്ന് സച്ചിദാനന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ആഴ്ചപതിപ്പിന്റെ ഒരു ലക്കം കിട്ടാതിരുന്നാല്‍ എന്തോ നഷ്ടപ്പെട്ട പോലെ തോന്നാറുണ്ടായിരുന്നു. അതില്‍ വരുന്നതെല്ലാം വായിക്കുന്നത് കൊണ്ടല്ല, പക്ഷ ഇഷ്ടമുള്ള ഒരു കഥയോ കവിതയോ പ്രധാനമായ ഒരു ലേഖനമോ നിരൂപണമോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ എന്ന് കരുതിയിട്ടാണ്. മലയാള സാഹിത്യത്തിന്റെ മിടിപ്പറിയാന്‍ എന്നെ സഹായിച്ച മുഖ്യധാരാ പ്രസിദ്ധീകരണം മാതൃഭൂമി വാരികയായിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
Content Highlights: K Satchidanandan awarded Mathrubhumi Literary Award 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..