K. S. Sabarinathan | Photo: facebook.com/SabarinadhanKS
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ അയച്ചത് പ്രചരിച്ചതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന് അറസ്റ്റില്‍. ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഗവണ്മെന്റ് പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റര്‍ കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ശബരിനാഥന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് കോടതി അഭിഭാഷകനോട് ചോദിച്ചത്. അറസ്റ്റ് തല്ക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, അറസ്റ്റ് ചെയ്ത കൃത്യം സമയം ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ രേഖ ഉടന്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിനാഥന് പോലീസ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ശബരിനാഥന്റെ പേരിലുള്ള സന്ദേശം വന്നത്. വിമാനത്തിനുള്ളില്‍വെച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാമെന്ന ആശയം ഇതില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ശംഖുമുഖം എ.സി ശബരിനാഥന് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ടാണ് പോലീസ് ചോദ്യംചെയ്യല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..