Sabarinadhan K S | Photo: facebook.com/SabarinadhanKS
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന വിധത്തില്‍ ചില വാട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ചാറ്റ് പുറത്തുപോയത് എങ്ങനെയെന്ന് അറിയില്ലെന്ന് കെ.എസ്.ശബരീനാഥന്.
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികള്‍ മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് ചാറ്റുപുറത്തുപോയത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സജി ചെറിയാന്റെ വീഡിയോ പോലും അകത്തുനിന്നല്ലേ പോയതെന്നും അദ്ദേഹം ചോദിച്ചു.
യൂത്ത് കോണ്‍ഗ്രസ് ഒരു സ്വതന്ത്ര സംഘടനയാണെന്നും ആ സംഘടനയുടെ തീരുമാനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് എടുത്തതാണെന്നും ശബരീനാഥന് പറഞ്ഞു. അല്ലാതെ എകെജി സെന്ററില്‍ നിന്ന് പറയുന്നത് പോലെ സമരം ചെയ്യുന്ന ഡിവൈഎഫ്ഐ പോലുള്ള സംഘടനയല്ല യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ നേതൃത്വം അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമരസംഘടനയാണ് യൂത്ത് കോണ്‍ഗ്രസെന്നും സമരവീര്യത്തോടെതന്നെ എല്ലാ ജനാധിപത്യ മര്യാദയും പാലിച്ചുകൊണ്ടു തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടന ആലോചിച്ചാണ് രണ്ട് വര്‍ഷമായി സമരം ചെയ്യുന്നത്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ സമരം ചെയ്യുന്നത് പോലെ, സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്നത് പോലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം, പ്രതിഷേധം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ അവരെ ആക്രമിച്ചതും വധിക്കാന്‍ ശ്രമിച്ചതും ഇ.പി. ജയരാജനാണ്. ഇന്‍ഡിഗോയുടേയും ഡിജിസിഐയുടേയും റിപ്പോര്‍ട്ടില്‍ പോലും ലവല്‍ വണ്‍ കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായുള്ളത്. ഇ.പി. ജയരാജന് എതിരായി ചുമത്തിയ കുറ്റം കുറഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്തിനുള്ളില്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും അത്തരത്തിലൊരു പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കി മാറ്റുന്നത് ഭീരുത്വമാണെന്നും ശബരീനാഥന് പറഞ്ഞു. ഊരിപ്പിടിച്ച വടിവാളല്ല, ഒരു പേനപോലുമില്ലാതെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടനയുടെ അറിവോടെ ഫ്ളൈറ്റില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം പ്രതിഷേധം എന്ന് സമാധാനത്തോടെ പറഞ്ഞതിനെ വധശ്രമമാക്കി കാട്ടുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..