ജോ ജോസഫ്, കെ.എസ്. അരുൺകുമാർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ആശയക്കുഴപ്പങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത സ്ഥാനാര്‍ഥി. എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ജോ ജോസഫാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫിനായി അങ്കത്തിനിറങ്ങുക. സിപിഎം ചിഹ്നത്തില്‍ തന്നെയാകും ജോ ജോസഫ് ജനവിധി തേടുക. പല പേരുകളും പരിഗണിച്ചെങ്കിലും തികച്ചും അപ്രതീക്ഷിതമായി ഡോ. ജോ ജോസഫിന്റെ പേരിലേക്ക് സിപിഎം എത്തുകയായിരുന്നു.
അന്തരിച്ച എംഎല്‍എ പി.ടി. തോമസിന്റെ പത്‌നി ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ സെക്രട്ടറി കെ.എസ്. അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. അരുണ്‍കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ക്കിടയില്‍ മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പാര്‍ട്ടി നേതൃത്വം അത് നിഷേധിച്ചു. വാര്‍ത്ത മാധ്യമങ്ങളുടെ പ്രഖ്യാപനമാണെന്നും തങ്ങള്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് നടക്കുമ്പോള്‍ത്തന്നെ കെ.എസ്. അരുണ്‍കുമാറാണ് സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നിരുന്നു. ചിലയിടങ്ങളില്‍ അരുണിന്റെ പേരുവെച്ചുകൊണ്ടുതന്നെ ചുവരെഴുത്തുകളും തുടങ്ങി. പാര്‍ട്ടിയില്‍ നടക്കുന്ന സംഭവങ്ങളിലുള്ള അതൃപ്തി ജില്ലാകമ്മിറ്റി യോഗത്തില്‍ ജയരാജന്‍ രൂക്ഷമായിത്തന്നെ അറിയിച്ചതോടെ ചിലയിടങ്ങളില്‍നിന്ന് ചുവരെഴുത്തുകള്‍ മായ്ച്ചു. ഉച്ചയോടെ, അരുണ്‍കുമാറിന് വോട്ടഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചുതുടങ്ങി. ഒരു എം.എല്‍.എ. സാമൂഹികമാധ്യമ പേജില്‍ അരുണിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് അത് നീക്കി.
പിന്നാലെ അപ്രതീക്ഷിത സ്ഥാനാര്‍ഥി സി.പി.എമ്മിനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം കണ്ടുവെച്ചിട്ടുള്ളതെന്ന പ്രചാരണവുമുണ്ടായി. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കുമെന്നും ഒരുഘട്ടത്തില്‍ പ്രചാരണമുണ്ടായി. എന്നാല്‍ ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ജോ ജോസഫിന്റെ പേരിലേക്ക് പാര്‍ട്ടി എത്തുകയായിരുന്നു.
ഒറ്റ പേര് മാത്രമാണ് പരിഗണിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതികരിച്ചത്. അത് ജോ ജോസഫിന്റേത് മാത്രമാണെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. സിപിഎമ്മുമായി അഭേദ്യമായ ബന്ധമാണ് ജോ ജോസഫിനുള്ളതെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞത്. ഒരാളുടെ ബന്ധുത്വം നോക്കിയല്ല സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയെന്നും പാര്‍ട്ടിയുമായും ബഹുജനങ്ങളുമായും അഭേദ്യമായ ബന്ധമുള്ളയാളാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: k s arunkumar, dr jo joseph, thrikkakara by election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..