കെ-റെയില്‍ സര്‍വേ: ലക്ഷ്യം സ്ഥലമേറ്റെടുക്കലെന്ന് സര്‍ക്കാര്‍ വിജ്ഞാപനം


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാദം തള്ളി സര്‍ക്കാര്‍ ഉത്തരവുകള്‍

കല്ലും ... കാവലും ... കോഴിക്കോട് മീഞ്ചന്ത ഗേറ്റിനു സമീപം കനിയാങ്കണ്ടി പറമ്പിൽ റസാഖിന്റെ വീട്ടിനു മുമ്പിൽ സ്ഥാപിച്ച കെ.റെയിൽ സർവ്വേക്കല്ലിന് പോലീസ് കാവൽ നില്ക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് സർവ്വേ കല്ല് ഇട്ടത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് സര്‍വേ നടത്തി കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനാണെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തം. ആമുഖത്തില്‍ത്തന്നെ സ്ഥലമേറ്റെടുക്കലാണ് സര്‍വേയുടെ ഉദ്ദേശ്യമെന്ന് പറയുന്നു.

2021 ഒക്ടോബര്‍ അഞ്ചിന് സര്‍വേ ആക്ട്് പ്രകാരം ഇറങ്ങിയ ഉത്തരവില്‍ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സര്‍വേ നടത്താനാണ് അനുമതി നല്‍കിയത്. എന്നാല്‍, സര്‍വേ നടപടികള്‍ സ്ഥലമേറ്റെടുക്കാനല്ലെന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്.

പദ്ധതിക്കാവശ്യമായ ഭൂമിയുടെ സര്‍വേനമ്പര്‍ സഹിതമാണ് കേരള സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച ആക്ടിലെ 6 (1)ാം നമ്പര്‍ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്. സര്‍വേ നടത്തുന്ന ഭൂമിയില്‍ അവശ്യമായ സര്‍വേ അടയാളങ്ങള്‍ സ്ഥാപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിലെ ഈ സര്‍വേ അടയാളങ്ങളാണ് പിന്നീട് അതിരടയാളക്കല്ലായി മാറിയത്. എന്നാല്‍, കല്ലിടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥലമേറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാത്രമാണെന്നും കെ-റെയില്‍ വിശദീകരിക്കുന്നു. കെ-റെയില്‍ അധികൃതര്‍ സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലും ഇക്കാര്യം വ്യക്തമാണ്.

അതേസമയം സ്ഥലമേറ്റെടുക്കാന്‍ വേണ്ടിയെന്ന ഉത്തരവിലെ പരാമര്‍ശം സാങ്കേതിക നടപടിക്രമം മാത്രമാണെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍വേയുടെ ഉദ്ദേശ്യം വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. 2013 ലെ ഭൂമി എറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നടപടികള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാരിന്റെ ന്യായം.

ഇതുപ്രകാരം സാമൂഹികാഘാത പഠനം നടന്നശേഷം വിദഗ്ധ സമിതിയുടെ ശുപാര്‍ശപ്രകാരമാണ് സ്ഥലമേറ്റെടുക്കേണ്ടത്. സമിതി അംഗീകരിച്ചാല്‍ മാത്രമേ ഉടമയുടെ വാദം കേട്ട് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ കഴിയുകയുള്ളൂ നിലവിലെ സര്‍വേ സ്ഥലമേറ്റെടുക്കലിന് മുന്നോടിയായുള്ള നടപടി മാത്രമാണെന്ന വാദത്തിന് ഇതാണ് ബലം പകരുന്നത്.

റവന്യൂ ഉത്തരവിലെ പരാമര്‍ശം ഇങ്ങനെ
സെമിഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് കെ.ആര്‍.ഡി.സി.എല്‍. പ്രോജക്ട് ഡയറക്ടര്‍ അപേക്ഷിച്ചിട്ടുണ്ട്. വില്ലേജുകളില്‍നിന്നുള്ള സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി ഇതോടൊപ്പം വിവരിച്ചിട്ടുള്ള ഭൂമിയില്‍ സര്‍വേ നടപടികള്‍ വേഗം ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതിര് നിശ്ചയിക്കുന്നത് റവന്യൂ, കല്ലെത്തിക്കുന്നത് കെ-റെയില്‍; കല്ലിടല്‍ ഉത്തരവാദിത്വം ഇരുവര്‍ക്കും

തിരുവനന്തപുരം: വിവാദമായ കെ-റെയില്‍ കല്ലിടലില്‍ റവന്യൂ വകുപ്പിനും കെ-റെയിലിനും തുല്യപങ്ക്. സര്‍വേയുടെ ഭാഗമായി അതിര്‍ത്തി നിശ്ചയിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്. അവിടെ സ്ഥാപിക്കാനുള്ള കോണ്‍ക്രീറ്റ് തൂണ്‍ എത്തിക്കുന്നത് കെ-റെയിലാണ്. പരസ്പരം പഴിചാരുന്നുണ്ടെങ്കിലും ഇരുവര്‍ക്കും പങ്കാളിത്തമുള്ളതാണ് കല്ലിടലെന്ന് ഇതു സംബന്ധിച്ചുള്ള ഉത്തരവുകളിലും നടപടിക്രമങ്ങളിലും വ്യക്തമാണ്.

സര്‍വേയ്ക്ക് അനുമതി നല്‍കി റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവില്‍ സര്‍വേ അടയാളങ്ങള്‍ സ്ഥാപിക്കാനുള്ള അനുവാദമുണ്ട്. ഇതാണ് പിന്നീട് അതിരടയാളക്കല്ലായി മാറിയത്. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ കല്ലിടാനുള്ള തീരുമാനം കെ-റെയിലിന്റേതാണെന്നു പറഞ്ഞ് റവന്യൂ വകുപ്പ് കൈയൊഴിഞ്ഞു. അതിരടയാളക്കല്ലിനെക്കുറിച്ച് അറിയില്ലെന്നും സര്‍വേ നടത്തുന്നത് റവന്യൂവകുപ്പാണെന്നുമാണ് കെ-റെയിലിന്റെ വാദം.

സാമൂഹികാഘാതപഠനം നടത്തുമ്പോള്‍ അതിരടയാളങ്ങള്‍ നിശ്ചയിക്കേണ്ടിവരുമെന്നകാര്യം റവന്യൂ മന്ത്രി കെ. രാജന്‍ സ്ഥിരീകരിക്കുന്നുണ്ട്. അതിരടയാളം നിശ്ചയിക്കുന്നത് സര്‍വേ ഉദ്യോഗസ്ഥരാണെന്ന് റവന്യൂ വകുപ്പ് ഉത്തരവില്‍ വ്യക്തവുമാണ്.

അതേസമയം, കല്ലിടാന്‍ സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചത് കെ-റെയിലാണ്. അതായത് കല്ല് കെ- റെയിലിന്റേതാണെന്ന് വ്യക്തം. ഇതില്‍നിന്ന് കല്ലിടലില്‍ ഇരുകൂട്ടരുടെയും പങ്കാളിത്തം മനസ്സിലാക്കാം.

സി.പി.എം. കേന്ദ്രനേതൃത്വം തത്കാലം ഇടപെടില്ല

പി.കെ. മണികണ്ഠന്‍

ന്യൂഡല്‍ഹി:സില്‍വര്‍ലൈന്‍ വിവാദത്തില്‍ സി.പി.എം. കേന്ദ്രനേതൃത്വം തിടുക്കപ്പെട്ട് ഇടപെടില്ല. പ്രതിഷേധങ്ങളും കേരളത്തിലെ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം.

സില്‍വര്‍ലൈന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ വിഷയമാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോഴെടുക്കുന്ന നടപടി തൃപ്തികരമാണ്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടി സ്വീകരിക്കും. സില്‍വര്‍ലൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ എങ്ങനെ പുരോഗമിക്കുമെന്നു നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനയെ കേന്ദ്രകമ്മിറ്റി അപലപിച്ചു. ഏപ്രില്‍ രണ്ടിന് പ്രതിഷേധം സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങളോടും സി.സി. ആഹ്വാനം ചെയ്തു.

'കശ്മീര്‍ ഫയല്‍സ്' ജനങ്ങളെ ഭിന്നിപ്പിക്കാന്‍ പുറത്തിറങ്ങിയ സിനിമയെന്നാണ് സി.പി.എം. വിലയിരുത്തല്‍. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ജനക്ഷേമം എന്നിവ കണക്കിലെടുത്തു കൊണ്ടുള്ളതല്ല സിനിമ. എല്ലാസമുദായവും ഭീകരവാദ സംഘടനകളുടെ അക്രമങ്ങളുടെ ഇരകളാണ്. ഇന്ത്യക്കാരെല്ലാം ഒന്നിച്ചു പൊരുതി തോല്‍പ്പിക്കേണ്ടതാണ് ഭീകരവാദമെന്നും സി.പി.എം. അഭിപ്രായപ്പെട്ടു.

ഭൂമിയേറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ല - മന്ത്രി കെ. രാജന്‍

തൃശ്ശൂര്‍: സാമൂഹികാഘാതപഠനം നടത്തുന്നത് ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായാണെന്ന് സൂചിപ്പിച്ച് റവന്യൂ മന്ത്രി കെ. രാജന്‍. ഭൂമിയേറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമിയാവശ്യമുള്ള ഏജന്‍സി അത് ഏറ്റെടുക്കാന്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ ഭൂമിയേറ്റെടുക്കുന്നതായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനു പറ്റില്ല. ഏറ്റെടുക്കേണ്ട ഭൂമി എങ്ങനെ, സാമൂഹികാഘാതമുണ്ടാക്കുമോ, ജനങ്ങളുടെ അഭിപ്രായമെന്താണ് എന്നെല്ലാം പരിശോധിക്കണം. സാമൂഹികാഘാതപഠനം നടത്തുന്നത് ഭൂമിയേറ്റെടുക്കുന്നതിന് വേണ്ടിയാണോയെന്നു സംശയമുന്നയിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു - വി.ഡി. സതീശന്‍

കൊച്ചി: സാമൂഹികാഘാത പഠനവും സ്ഥലമേറ്റെടുപ്പും തമ്മില്‍ ബന്ധമില്ലെന്ന് സര്‍ക്കാര്‍ പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സാമൂഹികാഘാതപഠനത്തിന്റെ തുടര്‍ച്ചയാണ് സ്ഥലമേറ്റെടുക്കല്‍.

എന്നാല്‍, ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനുമുമ്പുതന്നെ പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നതിനാലാണ് സില്‍വര്‍ ലൈന്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കെ-റെയിലും പരസ്പരവിരുദ്ധമായി സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യു.ഡി.എഫിന് വാശിയും വൈരാഗ്യവും -മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കു കാരണം യു.ഡി.എഫിന് സാധിക്കാത്തത് എല്‍.ഡി.എഫ്. നടപ്പാക്കുന്നതിലെ വാശിയും വൈരാഗ്യവുമാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 2016-ലെ സംസ്ഥാന ബജറ്റില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് രണ്ടുഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. യു.ഡി.എഫിനെക്കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത കാര്യം ഈ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന് സര്‍വത്ര ആശയക്കുഴപ്പം -മന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനുതന്നെ വ്യക്തതയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ഒരുലക്ഷത്തിലധികം കോടി ചെലവു പ്രതീക്ഷിക്കുകയും പതിനായിരക്കണക്കിന് പേരുടെ ഭൂമി ഏറ്റെടുക്കേണ്ടിവരുകയും ചെയ്യുന്ന പദ്ധതി ലാഘവത്തോടെയല്ല കൈകാര്യം ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു. പുതിയ ഒരു റെയില്‍പ്പാത നിര്‍മിച്ച് ചരക്കു ഗതാഗതത്തിന് മാത്രമായി ഒരുലൈന്‍ മാറ്റിവെച്ചാല്‍ സില്‍വര്‍ലൈന് ബദലാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Content Highlights: K-Rail survey land acquisition government order

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented