തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള റെയില്‍വേ ഭൂമി ഏറ്റെടുക്കലുമായി സര്‍ക്കാര്‍ മുന്നോട്ട്. തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാളക്കല്ല് സ്ഥാപിക്കാനാണ് തീരുമാനം.

കെ റെയിലുമായി ബന്ധപ്പെട്ട് ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചുനില്‍ക്കുമ്പോഴും റെയില്‍വേയുമായുള്ള സഹകരണം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ്. 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് പദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയില്‍ അതിരടയാളക്കല്ല് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അതിരടയാളക്കല്ലുകള്‍ ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റെയില്‍വേ അധികൃതരും കെ റെയില്‍ അധികൃതരും അലൈന്‍മെന്റില്‍ സംയുക്ത പരിശോധന നടത്താനും ധാരണയായിട്ടുണ്ട്. സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് അടക്കമുള്ളവര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.