
representative image
കോട്ടയം: സാങ്കേതിക, സാമ്പത്തിക സാധ്യത എത്രത്തോളമെന്ന് വിലയിരുത്തിയേ സില്‍വര്‍ലൈനിന് അനുമതി പരിഗണിക്കൂവെന്ന് റെയില്‍വേ ബോര്‍ഡ്. പൂര്‍ണ സാങ്കേതിക വിവരങ്ങള്‍ വിശദപദ്ധതിരേഖയില്‍ ഇല്ലെന്നും ബോര്‍ഡ് ആവര്‍ത്തിച്ചു.
അലൈന്മെന്റ് പ്ലാന്‍, വേണ്ടിവരുന്ന റെയില്‍വേ-സ്വകാര്യഭൂമികളുടെ അളവ്, നിലവിലെ റെയില്‍വേ പാതകളില്വരുന്ന ക്രോസിങ് വിവരങ്ങള്‍ എന്നിവ നല്കാന് കെ-റെയിലിനോട് നിര്‍ദേശിച്ചെന്നും ബോര്‍ഡ് വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശപ്രകാരം നല്കിയ മറുപടികളിലാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
റെയില്‍വേയ്ക്ക് വരാവുന്ന നഷ്ടം പഠിക്കാനും, സാധ്യത എത്രത്തോളമുണ്ടെന്ന് അറിയിക്കാനും റെയില്‍വേ ഉദ്യോഗസ്ഥരോട് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനുശേഷം സാമ്പത്തികച്ചെലവ് അടക്കമുള്ളവ നോക്കും.
1000 കോടിക്കുമേലേ ചെലവുവരുന്ന പദ്ധതിയായതിനാല്‍ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ അനുമതിയും വേണ്ടിവരും. പാതയ്ക്ക് സമീപം 2,500 ഏക്കറോളം ഭൂമിയില്‍ വികസനപദ്ധതികള്‍ കൊണ്ടുവരാന്‍ കെ-റെയില്‍ അനുമതി തേടിയിട്ടില്ല. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാകൂവെന്ന് പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പലസ്ഥലത്തും നിലവിലെ ലൈനുകളും സ്റ്റേഷനുകളും സ്ഥാനമാറ്റം വരുന്ന നിലയിലാണ് വിശദപദ്ധതിരേഖയില്‍ അടയാളപ്പെടുത്തിരിക്കുന്നത്. പാളം ഉറപ്പിക്കാനുള്ള കോണ്‍ക്രീറ്റ് തിട്ട ഉണ്ടാക്കാവുന്ന പ്രശ്നങ്ങള്‍, ലക്ഷം കോടിക്ക് മേലേയ്ക്ക് ചെലവ് പോകാമെന്ന നീതി ആയോഗിന്റെ വിലയിരുത്തല്‍ എന്നിവയെല്ലാം ബോര്‍ഡും സൂചിപ്പിക്കുന്നുണ്ട്.
അതേസമയം വിശദപദ്ധതിരേഖയില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കെ-റെയില്‍ എം.ഡി. വി.അജിത്ത് കുമാര്‍ പറഞ്ഞു. പദ്ധതിക്കുവേണ്ടി ബോര്‍ഡ് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കും. ഭൂമിയുടെ വിവരങ്ങളാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. അത് വിവിധ സര്‍വേകളും പഠനങ്ങളും നടത്തിയശേഷം സമര്‍പ്പിക്കും.
സില്‍വര്‍ലൈന്‍ സര്‍വേ: വായ്പ നിഷേധിക്കരുത് -ധനമന്ത്രി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേയില്‍പ്പെട്ട സ്ഥലങ്ങളില്‍ ബാങ്കുകള്‍ ജനങ്ങള്‍ക്ക് വായ്പ തടയരുതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്കായി അളവ് നടക്കുന്നതിന്റെ പേരില്‍ വായ്പ തടയാനാകില്ല. ബാങ്കേഴ്സ് കമ്മിറ്റിയും റിസര്‍വ് ബാങ്കുംവഴി സര്‍ക്കാര്‍ ഇടപെടും.
സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള പ്രാഥമിക പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. വായ്പ തടസ്സപ്പെടുമെന്നൊക്കെ ചിലര്‍ പ്രചാരണം നടത്തുന്നു. ഇത്തരം പ്രചാരണങ്ങളില്‍ ബാങ്കുകള്‍ വീഴാന്‍ പാടില്ല. -ധനമന്ത്രി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..