നട്ടാശേരിയിൽ സർവേ കല്ല് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം | Photo: മാതൃഭൂമി
കോട്ടയം: കെ-റെയില്‍ സര്‍വേ നടപടികള്‍ക്കിടെ കോട്ടയം നട്ടാശേരിയില്‍ സംഘര്‍ഷം. രാവിലെ ഒന്‍പത് മണിക്ക് സര്‍വേയുടെ ഭാഗമായി കല്ല് സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. നാട്ടുകാര്‍ കൂട്ടംകൂടി സമാധനപരമായി ആദ്യം പ്രതിഷേധിക്കുകയായിരുന്നു. പിന്നീടാണ് ഇത് വലിയ പ്രതിഷേധമായി മാറിയത്. സ്ഥാപിച്ച കല്ല് ജനങ്ങള്‍ എടുത്ത് മാറ്റുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വന്‍ സന്നാഹം സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസും നാട്ടുകാരും തമ്മില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി.
പ്രദേശത്ത് സ്ഥാപിക്കുന്നതിനായി കല്ലുമായി എത്തിയ വാഹനത്തിന്റെ മുകളില്‍ കയറി നിന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുന്നുണ്ട്. പോലീസ് വാഹനത്തിന് ചുറ്റും പ്രതിരോധം തീര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സ്ഥലത്ത് എത്തി. സ്ഥലത്ത് യുദ്ധ സമാനമായ സുരക്ഷ ഒരുക്കി ഒരു ഈച്ചയെപ്പോലും കടത്തി വിടാത്ത സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് പോലീസും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. പട്ടിണി കിടന്ന് സമരം ചെയ്യുന്നവരോട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ വാശി കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കിട്ടുമെന്നും നഷ്ടമെല്ലാം പാവപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ഡ്യൂട്ടി എന്ന പേരില്‍ പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
Content Highlights: k rail protest in nattaserry kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..