പ്രതീകാത്മക ചിത്രം | photo: mathrubhumi
കൊച്ചി: സിൽവർ ലൈൻ പദ്ധതിയില്‍നിന്ന് കൈകഴുകുകയാണോ എന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി. സില്‍വര്‍ലൈന്‍ നല്ല ആശയമാണെന്നും സംസ്ഥാന സർക്കാർ പദ്ധതിയിൽ കാട്ടിയത് അനാവശ്യ തിടുക്കമാണെന്നും ഹൈക്കോടതി പറഞ്ഞു.
കെ റെയിലിന്റെ സാമൂഹികാഘാത പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്ക്കുന്നിതിടെയാണ് കെ റെയിലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ തിങ്കളാഴ്ച വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നു.
സാമൂഹികാഘാത പഠനത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി നല്‍കിയിട്ടില്ലയെന്ന് പത്രികയില്‍ പറയുന്നു. അതൊടൊപ്പംതന്നെ സ്ഥലമേറ്റെടുപ്പ് അടക്കമുളള നടപടികള്‍ ഇപ്പോള്‍ വേണ്ടതില്ല എന്നൊരു തീരുമാനവും കേന്ദ്ര സര്‍ക്കാരിന്റേതായി കോടതിയെ അറിയിച്ചിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് കോടതിയുടെ ചോദ്യമുണ്ടായത്. പദ്ധതിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണോ എന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി നല്ലൊരു ആശയമാണ്. എന്നാല്‍ ആ പദ്ധതി നടപ്പാക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ കോടതി ഓര്‍മിപ്പിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കണമായിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനാവശ്യ ധൃതിയാണ് കാണിച്ചത്. അതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമായത്. കോടതി നേരത്തെപ്പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമായിരുന്നു. പക്ഷേ, കോടതിയെ ശത്രു സ്ഥാനത്തുനിര്‍ത്തി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതാണ് പ്രതിസന്ധിക്കെല്ലാം കാരണമായി മാറിയത് എന്നുകൂടി കോടതി പറഞ്ഞു.
സില്‍വര്‍ലൈന്‍ കല്ലിടല്‍ മെയ് 16-ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പേ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷം കല്ലിടലിന് പകരം പറഞ്ഞിരുന്ന ജിയോ ടാഗിങ് സര്‍വേയും തുടങ്ങിയില്ല. സാമൂഹികാഘാത പഠനം അവസാനിപ്പേക്കണ്ട ആറുമാസത്തെ വിജ്ഞാപന കാലാവധിയും അവസാനിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാഴ്ചയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. അടുത്തമാസം പത്തിലേക്ക് കെ റെയിലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്. സില്‍വലൈന്‍ പദ്ധതിയുടെ ഭാവിയെന്തെന്ന് സര്‍ക്കാര്‍ അടുത്തമാസം കോടതിയില്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തില്‍ വ്യക്തമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..