തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ കെ-റെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്. 

സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളിൽ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെന്‍ഡര്‍ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ. 

സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് നീക്കിവെച്ച അക്കൗണ്ടില്‍ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തിലാണ് ഇതില്‍ മാറ്റംവന്നത്. 

നേരത്തെ ജില്ലകളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങള്‍ സംഘടിപ്പിച്ച് സിപിഎം സംഘടനാ തലത്തിലും കെ-റെയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എല്ലാ വീടുകളിലേക്കും എത്തിക്കാന്‍ കൈപ്പുസ്തകം തയ്യാറാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 

k rail
ടെന്‍ഡര്‍ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ്‌