മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: നിര്‍ദിഷ്ട കെ-റെയില്‍ പദ്ധതി വരുന്ന പ്രദേശത്തെ ഭൂവുടമകള്‍ക്ക് നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് സമരം നടത്തിയ ഭൂവുടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നത് ആലോചനയിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍വേ നടപടികള്‍ക്കായി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയില്‍ ക്രയവിക്രയം സാധ്യമാകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയില്‍ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇതിന് ചെലവഴിച്ച തുക നിയമവിധേയമാണ്. പദ്ധതി മരവിപ്പിച്ചു എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും നടപടികള്‍ ത്വരിതപ്പെടുത്താന്‍ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ചില നടപടി സ്വീകരിച്ചു എന്നത് ശരിയാണ്. അത് റെയില്‍വേയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഒരു തലത്തില്‍ ലഭിച്ചപ്പോള്‍ നടത്തിയതാണ്. കേന്ദ്ര അനുമതി വളരെ വേഗത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതിക്ക് ശേഷം നടപടികളിലേക്ക് കടക്കുന്നതിന് പകരം അതിന് മുമ്പ് ചെയ്യാന്‍ കഴിയുന്ന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍, പദ്ധതിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭരിക്കുന്ന പാര്‍ട്ടി കൂടി ഉള്‍പ്പെട്ടു. ഇതോടെ അറച്ചുനില്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിനെതിരെ പറയുന്ന നിലയുമുണ്ടായി. ആ സാഹചര്യത്തില്‍ അനുമതിക്ക് ശേഷമാകാം ബാക്കി കാര്യങ്ങള്‍ എന്ന നിലപാടിലെത്തി. എന്തായിരുന്നാലും ഇന്നല്ലെങ്കില്‍ നാളെ ഇതിന് അനുമതി തരേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ നടത്തിയ നടപടികളുടെ ഭാഗമായി ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകേണ്ട സാഹചര്യമില്ല. ആരുടേയും ഭൂമി ഏറ്റെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വിജ്ഞാപനം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: K Rail - Land owners have no problem, case will not be withdrawn -cm pinarayi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..