ആർ.വി.ജി. മേനോൻ, ഇ. ശ്രീധരൻ | Photo - Mathrubhumi archives
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ സംവാദത്തിന് റെയില്‍ പദ്ധതികളില്‍ വൈദഗ്ധ്യമുള്ള ഇ. ശ്രീധരനെ ക്ഷണിക്കാത്തതില്‍ വിയോജിപ്പ് തുറന്നുപറഞ്ഞ് ആര്‍.വി.ജി. മേനോന്‍. ഇടതുപക്ഷ സഹയാത്രികനും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡന്റുമാണ് ഡോ. ആര്‍.വി.ജി. മേനോന്‍.
വിയോജിപ്പുകള്‍ ആരുടേതായാലും കേള്‍ക്കാന്‍ സര്‍ക്കാര്‍ മനസ്സുകാണിക്കണം. അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, അറിവാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ക്ഷണിച്ചാലും സംവാദത്തിന് വരുന്നില്ലെന്ന് ഇതിനുശേഷം ഇ. ശ്രീധരനും പ്രതികരിച്ചു.
രാജ്യത്തെ ഏറ്റവും പ്രശസ്തനായ റെയില്‍ വിദഗ്ധന്‍ ഇ. ശ്രീധരന്റെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കണം. പാനല്‍ ചര്‍ച്ചയല്ല, എല്ലായിടത്തും ചര്‍ച്ച നടക്കണം. കെ-റെയില്‍ ഡി.പി.ആറില്‍ വേണ്ടകാര്യങ്ങള്‍ ഇല്ലെന്ന് മനസ്സിലായി. ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് സില്‍വര്‍ലൈന്‍ അല്ല. നിലവിലെ റെയില്‍പ്പാത ഇരട്ടിപ്പിക്കുകയാണ് നല്ലത്. സ്റ്റോപ്പ് കുറഞ്ഞ സില്‍വര്‍ലൈന്‍ അല്ല വേണ്ടത്. ഈ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ അത്തരം ആലോചന നടന്നില്ല. പദ്ധതി ആരുടെയെങ്കിലും സ്വപ്നമാകാതെ ജനങ്ങളുടെ സ്വപ്നമായാലേ ജനം ത്യാഗം സഹിക്കൂവെന്ന് ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സ്വപ്നമാണ് കെ-റെയില്‍ പദ്ധതിയെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ആര്‍.വി.ജി.യുടെ പരാമര്‍ശം..
എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നു പറയുന്നത് ശാസ്ത്രീയ നിലപാടല്ല. വിലകൊടുക്കാന്‍ ജനം തയ്യാറാണോ എന്നതാണ് പ്രധാനം. ജനങ്ങളുമായി ചര്‍ച്ചചെയ്തുവേണം മുന്നോട്ടുപോകേണ്ടത്. സര്‍ക്കാര്‍ നവകേരളം സൃഷ്ടിയിലെന്നാണ് പറയുന്നത്. എന്നാല്‍, തെറ്റുതിരുത്തുന്ന ലക്ഷണം കാണുന്നില്ലെന്നും ആര്‍.വി.ജി. മേനോന്‍ പറഞ്ഞു.
പുതിയ ഡി.പി.ആര്‍. ആണെങ്കില്‍ പിന്തുണ -ശ്രീധരന്‍
പൊന്നാനി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍.) മാറ്റി പുതിയത് ഉണ്ടാക്കുകയാണെങ്കില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍.
ഡി.പി.ആറില്‍ പല അബദ്ധങ്ങളുണ്ട്. അതൊക്കെ തിരുത്താതെ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കില്ലെന്നും അദ്ദേഹം 'മാതൃഭൂമി'യോടു പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പാനല്‍ ചര്‍ച്ച നേരത്തേത്തന്നെ നടത്തേണ്ടതായിരുന്നു. പ്രവൃത്തികള്‍ തുടങ്ങിയശേഷമല്ല ചര്‍ച്ച നടത്തേണ്ടത്.
Content Highlights: k-rail discussion E Sreedharan RVG Menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..