തിരുവനന്തപുരം: കെ -റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ആറ് വോള്യങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (Detailed Project Report). പരിസ്ഥിതി ആഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടും ഡി.പി.ആറിലുണ്ട്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ആണ് ഈ പരിസ്ഥിതി ആഘാത പഠനം നടത്തിയത്. സ്‌റ്റേഷനുകളുടെ രൂപരേഖയും ഡി.പി.ആറിലുണ്ട്.

ട്രാഫിക് സര്‍വേ, ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, ടോപ്പോഗ്രാഫിക് സര്‍വേ എന്നിവയും ഡി.പി.ആറിന്റെ ഭാഗമാണ്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിശദമായ കണക്കും, ദേവാലയങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് രണ്ടര വര്‍ഷമെടുത്ത് തയ്യാറാക്കിയ ഡി.പി.ആര്‍. 

620 പേജുള്ള സാധ്യതാ പഠനവും ഡി.പി.ആറിന്റെ ഭാഗമായുണ്ട്. പദ്ധതി നടപ്പിലായാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചാണ് ഈ രൂപരേഖയില്‍ പറയുന്നത്. 203 പേജുള്ളതാണ് ട്രാഫിക് സര്‍വേ. പദ്ധതി നടപ്പിലാക്കിയതിലൂടെയുണ്ടാവുന്ന ഇന്ധനലാഭം, സമയ ലാഭം എന്നിവയെല്ലാം ട്രാഫിക് സര്‍വേയില്‍ ഉള്‍പ്പെടുന്നു. 

974 പേജുള്ള ജിയോ ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടാണ് ഡി.പി.ആറിലെ പ്രധാനപ്പെട്ട ഭാഗം. 470 പേജുള്ള ട്രോപ്പോഫിക്കല്‍ സര്‍വേയാണ് തുടര്‍ന്നുള്ളത്. സാമൂഹിക ആഘാത പഠനമാണ് മറ്റൊരു പ്രധാന ഭാഗം. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലെപ്‌മെന്റ് ഈ പഠനം നടത്തിയത്. ഡോ. ടി.ആര്‍ വിനോദ് അധ്യക്ഷനായ വദഗ്ധ സംഘമാണ് സാമൂഹിക ആഘാത പഠനത്തിന് നേതൃത്വം നല്‍കിയത്.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പ്രദേശത്തെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും എന്ത് സംഭവിക്കാം എന്നുള്ള കണക്കുകള്‍ ഇതിലുണ്ട്. 320 പേജാണ് ഈ പഠനം. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ചാണ് ഫീസിബിള്‍ സ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 620 പേജാണ് ഈ റിപ്പോര്‍ട്ട്.

ആദ്യഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നാലും പിന്നീട് ഇത് വര്‍ദ്ധിക്കുമെന്നും സാധ്യത പഠനത്തില്‍ പറയുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇതേ രീതിയിലുള്ള വര്‍ധനവ് ഉണ്ടാകും. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി ലാഭത്തിലേക്ക് നീങ്ങും. കൊല്ലത്തായിരിക്കും ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റൈടുക്കുക. സ്മാര്‍ട്ട് സിറ്റിക്കും ഇന്‍ഫോ പാര്‍ക്കിനും സമീപത്തായിരിക്കും കൊച്ചിയിലെ സ്റ്റേഷന്‍. സ്റ്റേഷനെ നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. 

സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും.

Content Highlights: K Rail detailed project report