representative image
കൊച്ചി: നരകത്തില്‍ നിന്നുള്ള പദ്ധതിയാണ് കെ-റെയിലെന്നും അത് നടപ്പായാല്‍ കേരളജനതയുടെ ജീവിതം ദുരന്തമാകുമെന്നും പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് കുമാര്‍ വര്‍മ. കെ-റെയിലിന് എതിരേ സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള സ്റ്റേഷനുകളെ ആശ്രയിച്ച് ബ്രോഡ്‌ഗേജാക്കി റെയില്‍പ്പാത വികസിപ്പിച്ചാല്‍ പദ്ധതിച്ചെലവ് പകുതിയിലേറെ കുറയുമെന്നും അലോക് വര്‍മ പറഞ്ഞു.
റെയില്‍ കടന്നുപോകുന്ന ഇടങ്ങളില്‍ സാമൂഹികാഘാതം ഭീകരമായിരിക്കും. കഴിഞ്ഞ നാലുവര്‍ഷം പെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിലൂടെയാണ് പാത പോകുന്നത്. പാതയിലെ 93 ശതമാനം ഭൂമിയും ദുര്‍ബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കെ-റെയിലുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളെല്ലാം ഭാവനാസൃഷ്ടിയാണ്. 2018-ല്‍ നല്‍കിയ കത്തില്‍ റെയില്‍വേ വ്യക്തമായി പറയുന്നത് ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണെന്നാണ്. അതിന്റെ ബാധ്യതകള്‍ സംസ്ഥാനം വഹിക്കേണ്ടിവരുമെന്നും അലോക് വര്‍മ പറഞ്ഞു.
കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടന്ന സംഗമത്തില്‍ പ്രൊഫ. കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
സാംസ്‌കാരികസംഗമത്തില്‍ നിര്‍ദിഷ്ട റെയില്‍പ്പാതയില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന കെ. ദാമോദരന്റെ മകന്‍ കെ.പി. ശശി വേദിയിലെ ശ്രദ്ധേയ സാന്നിധ്യമായി.
കെ-റെയില്‍ സാധ്യതാപഠനം നടത്തിയ സംഘത്തിന്റെ തലവനായ അലോക് കുമാര്‍ വര്‍മ തിങ്കളാഴ്ച തലസ്ഥാനത്തെത്തുന്നുണ്ട്. മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ അലോക് വര്‍മ അനുമതി തേടിയിട്ടുണ്ട്.
Content Highlights: K-rail Alok Kumar Verma Silverline Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..