കെ. രാധാകൃഷ്ണൻ| Photo: Mathrubhumi
കെ.രാധാകൃഷ്ണന് ദേവസ്വം മന്ത്രിയായി വരുന്നതാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഗുരുവായൂര്‍ ദേവസ്വത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് (നിയുക്ത കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ.) ചെയര്‍മാനായിരുന്ന അവസരം. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ കൃഷ്ണഗീതി ദിനവുമായി ബന്ധപ്പെട്ട ചടങ്ങിലേക്ക് ഞങ്ങള്‍ സ്പീക്കറായിരുന്ന കെ.രാധാകൃഷ്ണനെ ക്ഷണിച്ചു. ദേവസ്വം പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തിന്റെ ചുമതലക്കാരനും ഭക്തപ്രിയ മാസികയുടെ അസി: എഡിറ്ററുമായിരുന്നു അന്ന് ഞാന്‍.
യോഗത്തിനു മുന്നെ കൃഷ്ണനാട്ടത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയിരുന്നു രാധാകൃഷ്ണന്. ഏത് വേദിയിലും കാര്യങ്ങള്‍ പഠിച്ച് മാത്രം പറയുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. ദേവസ്വം ചെയര്‍മാനോടും അന്ന് ഭരണ സമതി അംഗമായ പ്രൊഫ.ടി.ആര്. ഹാരി മാഷിനോടും എന്നോടും കലയിലെ അയിത്തത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കലാമണ്ഡലത്തിലൂടെ, പൈങ്കുളം രാമചാക്യാരിലൂടെ കൂടിയാട്ടത്തിലെ ജാതിമേധാവിത്വം ഇല്ലാതെയായതുമെല്ലാം ചര്‍ച്ച ചെയ്താണ് അദ്ദേഹം വേദിയിലെത്തിയത്.
കൃഷ്ണനാട്ടത്തിലെ ജാതി വിവേചനത്തിനെതിരെ സൗമ്യമായി പ്രതികരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന പ്രസംഗം. ക്ഷേത്രത്തിന്റെ തിരുനടയില്‍ വിശ്വാസികളെല്ലാം ശ്രദ്ധയോടെ വ്യക്തതയുള്ള ആ വാക്കുകള്‍ കേട്ടു. ആവേശവും ശാസനയുമില്ലാതെ, വേദിയിലെ ഭരണ സമിതിയോട് ഇത്തരം വിവേചനത്തിന്റെ അവശിഷ്ടങ്ങള്‍ ഉന്നതമായ നമ്മുടെ സാംസ്കരിക പാരമ്പര്യത്തെ മുന്നോട്ടല്ല പിറകിലേക്കാണ് കൊണ്ടുപോകുന്നതെന്ന തിരിച്ചറിവ് അനിവാര്യമാണെന്ന് മാത്രം സൂചിപ്പിച്ചു. ഈ വിവേചനത്തില്‍ ഏറെ വേദനയുണ്ട്. വേദന എന്റേതു മാത്രമല്ല, കൃഷ്ണനാട്ടത്തില്‍ മക്കളെ കൃഷ്ണവേഷം കെട്ടിക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാരുടേത് കൂടിയാണ്. അദ്ദേഹം പറഞ്ഞു.
കെ.രാധാകൃഷ്ണന്, വേദിയില്‍ തെളിച്ചു പറഞ്ഞ ഈ വാക്കുകള്‍ കേട്ട കാതുകളെല്ലാം അത് ശരിവെച്ചു. ഭക്തിരസ പ്രധാനമായ കൃഷ്ണനാട്ടം എന്ന കലയില്‍ ജാതി വിവേചനത്തെ, പ്രക്ഷോഭമില്ലാതെ ഒരു ഉദ്ഘാടന പ്രസംഗത്തിലൂടെ തുടച്ചുനീക്കാനുള്ള ചാലക ശക്തിയായി അവിടെ ഇന്നത്തെ ദേവസ്വം മന്ത്രി മാറിയെന്നത് ചരിത്രം. ദേവസ്വം ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രനോട് അദ്ദേഹം പറഞ്ഞു. കൃഷ്ണനാട്ടം എന്ന കലാരൂപത്തെ ജനമനസില്‍ പ്രതിഷ്ഠിക്കാന്‍ ജാതിയുടെ പേരിലുള്ള ഈ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ആര്‍ജ്ജവം, പുരോഗമന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത ഈ ഭരണസമിതി കാണിക്കണം. ക്ഷേത്ര ഭൂമി എന്നതോടൊപ്പം ഐതിഹാസികമായ ക്ഷേത്ര പ്രവേശനത്തിനുള്ള പോരാട്ടം നടന്ന സമരഭൂമി കൂടിയാണ് ഇത്.
രാധാകൃഷ്ണന്റെ സൗമ്യമായ ഈ വാക്കുകള്‍ തോട്ടത്തിലും ഹാരിമാഷും ഉള്‍പ്പെടുന്ന ഭരണ സമിതിക്ക് സ്വീകാര്യവും ആവേശവുമായി. നിശബ്ദ വിപ്ലവത്തിലൂടെ കൃഷ്ണനാട്ടത്തിന് കുട്ടികളെ തെരഞ്ഞെടുക്കുന്നതിലെ ജാതി നിബന്ധന അതോടെ ഇല്ലാതെയാവുകയായിരുന്നു. അതേ ഭരണ സമിതിയുടെ കാലത്താണ് സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്ര പ്രവേശനവും അനുവദിച്ചതെന്നതും സ്മരണീയമാണ്.
content highlights: K radhakrishnan returns ending caste discrimination in krishnanattam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..