ചേലക്കരയിൽ നിന്ന് 39400 വോട്ടുകൾക്കാണ് ഇത്തവണ കെ. രാധാകൃഷ്ണൻ നിയമസഭയിലെത്തിയത്. മുൻ മന്ത്രിയും മുൻ സ്പീക്കറുമായ കെ. രാധാകൃഷ്ണൻ ചേലക്കരയുടെ സുപരിചിത മുഖമാണ്. പരേതനായ എം.സി. കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മകൻ. ഇപ്പോൾ ചേലക്കരയ്ക്കടുത്ത് തോന്നൂർക്കരയിൽ താമസിക്കുന്നു. സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗമാണ്. മുൻ ജില്ലാ സെക്രട്ടറിയാണ്.

എസ്.എഫ്.ഐ. കേരളവർമ കോളേജ് യൂണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാലാ സംഘം, സമ്പൂർണ സാക്ഷരതാ യജ്ഞം എന്നിവയിൽ പങ്കാളിയായിട്ടുണ്ട്. 1991-ൽ വള്ളത്തോൾ നഗർ ഡിവിഷനിൽനിന്നും ജില്ലാ കൗൺസിലിൽ. 1996-ൽ ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമം, യുവജനകാര്യ വകുപ്പ് മന്ത്രിയായി. 2001-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ ചീഫ് വിപ്പായി. 2006-ലെ തിരഞ്ഞെടുപ്പിലും ജയിച്ച് നിയമസഭാ സ്പീക്കറായി. 2011-ൽ നാലാം തവണ ചേലക്കരയിൽ നിന്ന് സഭയിലെത്തി