കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് | Photo - E.V Ragesh, Mathrubhumi archives
കോട്ടയം: ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരിക്കലും ഉണ്ടാകാന്‍പാടില്ലാത്ത കാര്യങ്ങള്‍. അതാണ് കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. എന്നാല്‍, ഡയറക്ടര്‍ ശങ്കര്‍ മോഹനും അദ്ദേഹത്തിന്റെ ഓഫീസും ഇത് നിഷേധിക്കുന്നു. വിവാദത്തിന്റെ രണ്ടുവശങ്ങളും ചുവടെ.
ആരോപണങ്ങള്‍
സംവരണമാനദണ്ഡങ്ങള്‍ അട്ടിമറിച്ചു. ദളിത് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചു.
ഡയറക്ടര്‍, ജീവനക്കാരോടും കുട്ടികളോടും ജാതീയമായി പെരുമാറുന്നു.
കോഴ്സിന്റെ സിലബസും അക്കാദമിക് കലണ്ടറും ഇല്ല. അതുചോദിച്ചാല്‍ മറുപടിയില്ല.
എസ്.സി. വിദ്യാര്‍ഥികളുടെ ഇ-ഗ്രാന്റ്സ് വൈകുന്നു.
ജീവനക്കാരെക്കൊണ്ട് ഡയറക്ടര്‍ വീട്ടുജോലി ചെയ്യിച്ചു.
അനര്‍ഹരായ ആളുകളെ സ്ഥാപനത്തില്‍ നിയമിച്ചു. പരാതിപ്പെട്ടവര്ക്കുനേരെ നടപടിഭീഷണി
ഇ-ഗ്രാന്റ്സ് വിതരണം പാളിയതിനാല്‍ പഠനച്ചെലവ് പ്രശ്നമായി. കാന്റീന് ഫീസും കൂടുതല്‍. പരാതിപറഞ്ഞപ്പോള്‍ പരിഹാസം.
ഡയറക്ടറുടെ ഓഫീസ് പറഞ്ഞത്
നിയമപരമായിമാത്രമേ കാര്യങ്ങള്‍ ചെയ്തിട്ടുള്ളൂ
സംവരണമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്
കോവിഡ് കാരണമാണ് കോഴ്സ് താളംതെറ്റിയത്
സ്ഥാപനത്തിന് അച്ചടക്കമുണ്ടാക്കാന്‍ ശ്രമിച്ചത് ഇഷ്ടമാകാത്തവര്‍ പ്രശ്നങ്ങളുണ്ടാക്കി.
ജാതി ആരോപണം കെട്ടിച്ചമച്ചത്.
കൃത്യമായി സ്കോര്‍നേടിയ കുട്ടികള്‍ക്കുമാത്രമേ പ്രവേശനം നല്‍കിയിട്ടുള്ളൂ.
ജീവനക്കാരെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ചിട്ടില്ല.
സര്ക്കാര്ചെയ്തത്
കെ. ജയകുമാര്‍ കമ്മിഷനെ വെച്ചു. അതുംവൈകിയെന്ന് ആരോപണം. സമരം നടക്കുന്നതിനിടെ കളക്ടര്‍ കോളേജ് അടപ്പിച്ചു. കാന്റീനും പ്രവര്‍ത്തിക്കുന്നില്ല.
വെട്ടിലായി സര്‍ക്കാര്‍
പ്രശ്നം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലുമെത്തി. കുട്ടികള്‍ അവിടെയും പ്രതിഷേധിച്ചു. വിദ്യാര്‍ഥികളെ പിന്തുണച്ച് ഇടത് ആഭിമുഖ്യമുള്ള സംവിധായകരും സിനിമാപ്രവര്‍ത്തകരും രംഗത്തുവന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.
ചെയര്മാന് അടൂരിനുനേരെ വിമര്‍ശനം വന്നെങ്കിലും സി.പി.എം. നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ചു. എന്നാല്‍, സി.പി.ഐ. കുട്ടികളെ പിന്തുണച്ച് രംഗത്തുവന്നു.
ജാതിവിവേചനത്തിന്റെ പേരില്‍ ആത്മഹത്യചെയ്ത ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിയിച്ച് പ്രസ്താവനയിറക്കി.
82 വിദ്യാര്‍ഥികള്‍
സിനിമാസംവിധാനം, അഭിനയം, എഡിറ്റിങ്, ഓഡിയോഗ്രഫി, അനിമേഷന്‍, ഫോട്ടോഗ്രഫി തുടങ്ങിയ കോഴ്സുകളിലായി 82 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. 16 അധ്യാപകര്‍. രണ്ട് ഹോസ്റ്റലുകള്‍.
സമിതി റിപ്പോര്‍ട്ടും എതിരായി
തിരുവനന്തപുരം: കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പദവി ശങ്കര്‍ മോഹന്‍ രാജിവെച്ചത് മുഖ്യമന്ത്രി പിണറായി വിജയന് നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍.
തന്റെ ഭാഗം മുഖ്യമന്ത്രിയെ വിശ്വസിപ്പിക്കാനുള്ള ശങ്കര്‍ മോഹന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. ജാതിവിവേചനമടക്കമുള്ള വിവാദങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കലുഷിതമാക്കിയതിനാല് ശങ്കര്മോഹന് ഒഴിയണമെന്ന അഭിപ്രായത്തിലായിരുന്നു മുഖ്യമന്ത്രി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടെങ്കിലും ഒരുഘട്ടത്തിലും ഡയറക്ടറെ സംരക്ഷിക്കുന്ന നിലപാട് മന്ത്രി ആര്. ബിന്ദു കൈക്കൊണ്ടില്ല. വിവാദങ്ങളില്‍ ഉറച്ച നിലപാടെടുത്ത മന്ത്രി ഡയറക്ടര്‍ ഒഴിയണമെന്ന നിലപാട് മുഖ്യമന്ത്രിയെയും ധരിപ്പിച്ചു.
മുഖ്യമന്ത്രി ഉന്നതതലസമിതിയെ വെച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, നിയമവിദഗ്ധന് എന്‍.കെ. ജയകുമാര്‍ എന്നിവരടങ്ങുന്ന സമിതി പതിമ്മൂന്നിന് റിപ്പോര്‍ട്ടുനല്‍കി.
റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് പുതിയ ഡയറക്ടറെ നിയമിക്കുകയാണ് നല്ലതെന്നു ശുപാര്‍ശ ചെയ്തു.
പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സമിതി
തിരുവനന്തപുരം: പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ സെലക്ഷന് കമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ. രാമചന്ദ്രനാണ് കണ്‍വീനര്‍. കേരള സംസ്ഥാന ചലച്ചിത്രവികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍. കരുണ്‍, സംവിധായകന് ടി.വി. ചന്ദ്രന് എന്നിവരാണ് മറ്റംഗങ്ങള്‍.
ശങ്കര്മോഹന് രാജിവെച്ചു
കോട്ടയം: ജാതിവിവേചനമടക്കമുള്ള ആരോപണങ്ങള്‍ വിവാദമായിരിക്കെ, കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്ഥാനം ശങ്കര്മോഹന് രാജിവെച്ചു. വിദ്യാര്‍ഥികളുടെ സമരം 48 ദിവസം പിന്നിടുമ്പോഴാണ് രാജി. മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കുമാണ് രാജി കൈമാറിയത്. തന്റെ നിയമനകാലാവധി തീര്‍ന്നതിനാല്‍ ഒഴിയുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദളിത് വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ കുട്ടികളുന്നയിച്ചിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയെന്നും ആക്ഷേപമുണ്ടായിരുന്നു.
സമരം നീളുന്നതിനിടെ കെ. ജയകുമാര്‍ കമ്മിഷനെ നിയോഗിച്ച് റിപ്പോര്‍ട്ട് വാങ്ങിയെങ്കിലും പരസ്യപ്പെടുത്തിയില്ല. ആരോപണങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആദ്യം പ്രതികരിച്ചിരുന്നില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വാധീനത്തിലാണ് സര്‍ക്കാര്‍ നിസ്സംഗതയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഉന്നയിച്ച ആവശ്യങ്ങളിലൊന്നുമാത്രമാണ് ഡയറക്ടറുടെ രാജിയെന്നും സമരം പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗംചേര്‍ന്ന് തീരുമാനിക്കുമെന്നും യൂണിയന് ചെയര്മാന് ശ്രീദേവ് സുപ്രകാശ് അറിയിച്ചു. ഡയറക്ടറുടെ തെറ്റായ പരിഷ്കാരങ്ങള്‍ പിന്‍വലിക്കുക, കോഴ്സ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. കെ. ജയകുമാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണം. ജീവനക്കാര്‍ക്കെതിരേ ഡയറക്ടര്‍ നല്കിയ പരാതികളും പിന്‍വലിക്കണം. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിച്ചതും ഒഴിവാക്കണമെന്ന് ശ്രീദേവ് പ്രതികരിച്ചു.
Content Highlights: K.R Narayanan Institute LDF government director shankar mohan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..