ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട് - മീര പ്രതികരിച്ചു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്.

കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് ആരാച്ചാര്‍. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഒരോരുത്തരേയും ഇരയാക്കുന്നവെന്ന് കാണിച്ചു തരുന്നു. 

മികച്ച തമിഴ് കൃതിക്കുള്ള പുരസ്‌കാരത്തിന് തിരുവനന്തപുരം സ്വദേശി എ. മാധവന്‍ അര്‍ഹനായി. 'ഇലക്കിയ ചുവടുകള്‍' എന്ന തമിഴ് ലേഖന സമാഹാരത്തിനാണ് പുരസ്‌കാരം. 

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയവ ആരാച്ചാറിന് ലഭിച്ചിരുന്നു. ഹാങ് വുമണ്‍ എന്ന പേരില്‍ ആരാച്ചാല്‍ നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ സാഹിത്യകാരന്‍മാരുടെ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്.സി പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഹാങ് വുമണ്‍ ഇടംപിടിച്ചിട്ടുണ്ട്. 

മീരയുടെ 'ആവേ മരിയ' എന്ന കഥാസമാഹാരം 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. ഓര്‍മ്മയുടെ ഞരമ്പ്,മോഹമഞ്ഞ,ഗില്ലറ്റിന്‍ (ചെറുകഥാ സമാഹാരങ്ങള്‍), യൂദാസിന്റെ സുവിശേഷം, മീരാസാധു (നോവലുകള്‍), മാലാഖയുടെ മറുകുകള്‍ (നോവലൈറ്റ്), മഴയില്‍ പറക്കുന്ന പക്ഷികള്‍ (ലേഖനം/ഓര്‍മ്മ) എന്നിവയാണ് പ്രധാന കൃതികള്‍. ദേശീയ പുരസ്‌കാരം നേടിയ ഒരേ കടല്‍ എന്ന ചലചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായിരുന്നു മീര.