കോഴിക്കോട്: ഡിസിസി പുനഃസംഘടനയേത്തുര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനമുന്നയിച്ചതിന് അച്ചടക്ക നടപടി നേരിടുന്ന കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. അച്ചടക്ക നടപടി പാര്‍ട്ടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. നേരത്തെ ഇക്കാര്യത്തില്‍ അനില്‍കുമാർ നല്‍കിയ വിശദീകരണം കെ.പി.സി.സി. തള്ളിയിരുന്നു. അദ്ദേഹം എന്‍സിപിയിലേക്ക് പോയേക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് മാധ്യമങ്ങളെ കണ്ട് അദ്ദേഹം നടപടി വിശദീകരിക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ കെ.പി. അനില്‍കുമാറിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. 

കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയുള്ള ആളായിരുന്നു യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ കെ.പി. അനില്‍കുമാര്‍. ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവന നടത്തിയതിന് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷവും അദ്ദേഹം നേതൃത്വത്തെ വിമര്‍ശിച്ച്  പരസ്യപ്രസ്താവന നടത്തി. തുടര്‍ന്ന് അനില്‍കുമാര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെങ്കിലും നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. കടുത്ത നടപടി ഉണ്ടായേക്കുമെന്നു റിപ്പോര്‍ട്ടു പുറത്തുവന്നതിനു പിന്നാലെയാണ് അനില്‍കുമാര്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights: K P Anilkumar may guit Congress, Reports