കോഴിക്കോട്: വടകര സീറ്റ് ആര്‍എംപിക്ക് നല്‍കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കെ. മുരളീധരന്‍ എംപി. യു.ഡി.എഫിന് പുറത്തുള്ളവര്‍ക്ക് സീറ്റ് നല്‍കുന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍എംപി സഖ്യം യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു.

ആര്‍എംപിയുമായുള്ള സഹകരണം വടകര മേഖലയില്‍ യുഡിഎഫിന്റെ വിജയത്തില്‍ കാര്യമായ സംഭാവന  നല്‍കി. എല്‍ജെഡി പോയിട്ട് പോലും നാല് പഞ്ചായത്തുകളില്‍ മൂന്ന് എണ്ണത്തിലും യുഡിഎഫിന്റെ ഭരണസമിതി വന്നു. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന്റെ കാര്യം തീരുമാനിക്കേണ്ടത് മുന്നണിക്കുള്ളിലെ ചര്‍ച്ചയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. 

ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും കൂട്ടുത്തരവാദിത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ ചര്‍ച്ചയും കൂട്ടായ പ്രവര്‍ത്തനവും വേണം. പുന:സംഘടനയെക്കുറിച്ച് അറിയില്ലെന്നും എക്‌സ് മാറി വൈ വന്നത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

തനിക്കൊരു ഉത്തരവാദിത്വവും വേണ്ടെന്നും ഒരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. വടകരയിലെ ഏഴ് നിയമസഭാ മണ്ഡലത്തില്‍ ഒഴികെ മറ്റെവിടെയും പ്രചരണത്തിന് പോകുന്നില്ലെന്നും ഉറച്ച തീരുമാനമാണെന്നും അതില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: K. Muraleedharan, vadakara legislative assembly, RMP