കോഴിക്കോട്: രാഷ്ട്രീയ ജിവിതത്തില്‍ ഒരിക്കലും താമരക്കുമ്പിളിലോ മമഹൃദയമെന്ന ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് കെ.മുരളീധരന്‍ എംപി. കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അഞ്ച് മാസമായി ചേരാത്തത് ഇനി തന്റെ കുറ്റം കൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു. 

എല്‍ഡിഎഫ് നടത്തിയ മനുഷ്യശൃംഖലയില്‍ യുഡിഎഫിന് വോട്ട് ചെയ്ത പലരും പങ്കെടുത്തിട്ടുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഞാനടക്കം ആ മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിച്ചത്. ആ ന്യൂനപക്ഷത്തിന്റെ പിന്തുണ, ആ വോട്ട് പോകാതെ നോക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ടെ കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി.  വൈകീട്ട് നാലിന് തീര്‍ത്ത മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിച്ചതായാണ് എല്‍ഡിഎഫിന്റെ അവകാശവാദം.

Content Highlights: K. Muraleedharan on LDFs human chain against citizenship amendment act