കെ.മുരളീധരൻ,ജോസ്.കെ മാണി|ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം യു.ഡി.എഫ് വിട്ട സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും രണ്ട് പേരും ചില്ലറ വിട്ടുവീഴ്ചകള്‍ നടത്തേണ്ടതായിരുന്നുവെന്നും കെ.മുരളീധരന്‍ എം.പി. കേവലം ജില്ലാ പഞ്ചായത്ത് സീറ്റിന്റെ പേരിലാണ് മുന്നണിക്ക് പുറത്തുപോയത്. കൂടുതല്‍ കക്ഷികള്‍ മുന്നണി വിട്ടുപോയാല്‍ പ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും കെ.മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കെ.എം മാണിയും ആര്‍ ബാലകൃഷ്ണപ്പിള്ളയും വീരേന്ദ്രകുമാറും എല്ലാം ചേര്‍ന്നതായിരുന്നു പ്രബലമായ യു.ഡി.എഫ് മുന്നണി. അവരില്‍ ചിലര്‍ ഇന്നില്ലെങ്കിലും പിന്‍മുറക്കാര്‍ എല്‍.ഡി.എഫിനൊപ്പമാണ്. പലപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടാവുന്നുവെന്നും ചര്‍ച്ചചെയ്താല്‍ തീരുന്ന പ്രശ്‌നമേ അവര്‍ക്കെല്ലാം ഉണ്ടായിരുന്നുള്ളൂവെന്നുമാണ് തനിക്ക് തോന്നുന്നത്. അധികാരം നിലനിര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നവരാണ് എല്‍.ഡി.എഫ്. മാണിസാറിനെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പോലും അനുവദിക്കാത്തവരായിരുന്നു അവരെന്ന് ഓര്‍ക്കണമെന്നും മുരളി പറഞ്ഞു.
ജോസ് കെ.മാണിയെ തിരികെ കൊണ്ടുവരാനൊന്നും താന്‍ ശ്രമം നടത്തിയിട്ടില്ല. അതിനുള്ള സവിശേഷ അധികാരമൊന്നും തനിക്ക് ആരും തന്നിട്ടില്ല. എങ്കിലും യു.ഡി.എഫിന് പുറത്ത് പോയവരെയെല്ലാം തിരികെ കൊണ്ടുവരണം. അതിനുളള ശ്രമം നടത്താന്‍ എല്ലാവരും തയ്യാറാവണം. എന്‍.സി.പിക്ക് യു.ഡി.എഫിലേക്ക് വരാന്‍ ഒരു തടസ്സവുമില്ല. അവരില്‍ പലരും ഇടതു മനസ്സുമായി ഒത്തുപോവാന്‍ ബുദ്ധിമുട്ടുന്നവരാണ്. എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്നും മുരളി പറഞ്ഞു.
Content Highlights: K Muraleedharan On Jose K Mani's LDF Entry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..