തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരാന്‍ പോകുന്നില്ലെന്നും സി.പി.എം. എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ലെന്ന് കെ. മുരളീധരന്‍. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന് ഏറ്റവും ദു:ഖം ബി.ജെ.പി.യുടെ വോട്ട് കുറഞ്ഞതിലാണ്. യു.ഡി.എഫി.ന് വോട്ട് കൂടിയത് രണ്ടാമത്തെ ദുഖം. കേരളത്തില്‍  ബി.ജെ.പി. ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. യുഡിഎഫിനെ തകര്‍ക്കാന്‍ ഒരു വടി എന്ന നിലയില്‍ ബി.ജെ.പി.യെ കാണുന്നു എന്നതിന്റെ ശക്തമായ തെളിവാണ് മുഖ്യമന്ത്രയുടെ ആദ്യത്തെ പത്രസമ്മേളനം. 

അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ പ്രധാന പങ്ക് ഇടതുപക്ഷം വഹിക്കാന്‍ പോകുന്നുവെന്നാണ് എ. വിജയരാഘവന്‍ പറഞ്ഞത്. അത് പറയുമ്പോള്‍ ബംഗാളലെ അവസ്ഥ നോക്കണം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ട് പോലും ഒരു സീറ്റ് പോലും നേടാനായില്ല. ഞങ്ങള്‍ക്കും ആരെയും വിജയിപ്പിക്കാനായില്ല. 35 വര്‍ഷം ഭരിച്ച സംസ്ഥാനത്ത് ഒരു എംഎല്‍എയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കേരളത്തിലെ 99 സീറ്റിന്റെ ബലത്തില്‍ ഇനി ഞങ്ങള്‍ ഇന്ത്യ പിടിക്കാന്‍ പോകുകയാണ് എന്ന് പറയുന്നത്. 

പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ട് കോണ്‍ഗ്രസ് തകരും എന്ന് വിചാരിക്കേണ്ട. ഇതിലേറെ വലിയ പരീക്ഷണം കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസ് തകരാന്‍ പോകുന്നില്ല, നിങ്ങള്‍ എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ല. 

തിരിച്ചടിയില്‍ പരസ്പരം ആരോപണമുയര്‍ത്തുന്നത് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. വികാരത്തിന്റെ പുറത്ത് തീരുമാനമെടുക്കരുത്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവന്‍ പേരെയും മാറ്റിയാല്‍ ഉള്ളതുകൂടി പോകും. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Content Highlights: K. Muraleedharan, ldf and bjp