കോട്ടയം: ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി തലത്തില്‍ കേരള കോണ്‍ഗ്രസ്(എം) അന്വേഷണം നടത്തിയത് സ്വകാര്യ ഏജന്‍സികളെ കൂടി പങ്കെടുപ്പിച്ചെന്ന് കെ.എം. മാണിയുടെ വെളിപ്പെടുത്തല്‍. കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടി താന്‍ ഒരു സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും മാണി അറിയിച്ചു. ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും റിപ്പോര്‍ട്ട് പാര്‍ട്ടി പഠന സമിതിക്ക്  കൈമാറിയതായും കെ.എം. മാണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിപദത്തിന് പിന്തുണ തേടി രമേശ് ചെന്നിത്തല ദൂതനെ വിട്ടോയെന്ന ചോദ്യത്തിന് പലരും വന്നു  കണ്ടിട്ടുണ്ടെന്നും കെ.എം. മാണി പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചവരെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്.പേരെടുത്ത് പറയുകയാണെങ്കില്‍ ഒരുപാട് പേരുടെ  പേരുകള്‍ വെളിപ്പെടുത്തേണ്ടി വരും. വെളിപ്പെടുത്തുന്നത് മാന്യതയല്ല. കേസ് സംബന്ധിച്ച് വിവിധ അന്വേഷണങ്ങള്‍ പാര്‍ട്ടി നടത്തിയിട്ടുള്ളതായും ഇതില്‍ സ്വകാര്യ ഏജന്‍സിയെ വെച്ച് നടത്തിയ അന്വേഷണ റിപ്പോര്ട്ട് തനിക്ക് ലഭിച്ചതായും  കെ.എം. മാണി പറഞ്ഞു

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നു ചെന്നിത്തലയുടെ നീക്കങ്ങളെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല.

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം മാണിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി  കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്.
രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതായും ഇക്കാര്യം ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.